UPI ട്രാന്‍സാക്ഷന്‍ ID-യില്‍ സ്‌പെഷ്യല്‍ ക്യാരക്ടര്‍ വന്നാല്‍ ഇടപാട് നടക്കില്ല; മാറ്റം ഒന്ന് മുതല്‍

ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് പുതിയ മാറ്റത്തിനൊരുങ്ങുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI). എന്‍.പി.സി.ഐ.യുടെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് യൂണിഫൈഡ് പെയ്‌മെന്റ്‌സ്ഇന്റര്‍ഫേസ് (UPI) വഴി പണമിടപാട് നടത്തണമെങ്കില്‍ ട്രാന്‍സാക്ഷന്‍ ഐ.ഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടാകാന്‍ പാടില്ല, അഥവാ, ഐ.ഡി.യില്‍ ആല്‍ഫാന്യൂമറിക് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉപയോഗിക്കുന്ന ഏതെങ്കിലും യുപിഐ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇടപാടുകള്‍ അസാധുവാക്കപ്പെടും. എന്‍സിപിഐയുടെ മാര്‍ഗനിര്‍ദേശം ഏതെങ്കിലും യുപിഐ ആപ്പ് പാലിക്കാത്തപക്ഷമാകും ഇങ്ങനെ സംഭവിക്കുക. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ മാറ്റം.
@, #, $,*, -, ; ഇങ്ങനെയുള്ള ചിഹ്നങ്ങളെയാണ് സ്‌പെഷ്യല്‍ ക്യാരക്ടര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി മുതല്‍ ട്രാന്‍സാക്ഷന്‍ ഐ.ഡി.യില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളോ, 0 മുതല്‍ 9 വരെയുള്ള അക്കങ്ങളോ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് എന്‍.പി.സി.ഐ. ജനുവരി ഒമ്പതിന് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.
യു.പി.ഐ. ട്രാന്‍സാക്ഷന്‍ ഐ.ഡി.കള്‍ വ്യക്തമാക്കുന്നതിനും കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്ന് എന്‍.പി.സി.ഐ. പറയുന്നു. എല്ലാ യു.പി.ഐ. പേമെന്റ് സേവനദാതാക്കളും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സാധാരണഗതിയില്‍ പേമെന്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രകാരം ഓട്ടോമാറ്റിക് ആയി ട്രാന്‍സാക്ഷന്‍ ഐ.ടി. സൃഷ്ടിക്കപ്പെടുകയാണ് ചെയ്യാറ്.
Content Highlights: npci declares new guidelines for upi transaction upi id should not have special characters