ഫോണ്‍ ഉപയോഗത്തിലെ 'ഹരം' തിരിച്ചറിഞ്ഞ സി.എം.എഫ്. ഫോണ്‍, തിരിച്ചുവരുമോ പഴയകാലം...!

nothing cmf phone 1 | Photo: .cmf.tech
nothing cmf phone 1 | Photo: .cmf.tech

രു ഫോണ്‍ എന്നാല്‍ ഒരു വ്യക്തിയുടെ പ്രതിബിംബം ആവുന്ന കാലമാണ്. അയാളുടെ സ്വഭാവ താല്‍പര്യങ്ങളെല്ലാം തന്നെ അയാളുടെ ഫോണില്‍ പ്രതിഫലിക്കും. ഫോണിന്റെ ബാക്ക് കവറുകള്‍, വാള്‍പേപ്പറുകള്‍, റിങ് ടോണുകള്‍, അതിലുള്ള ആപ്പുകള്‍ എല്ലാം തന്നെ ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും. ഇഷ്ടമുള്ള വിവിധ നിറങ്ങളിലുള്ള, വിവിധ ഡിസൈനിലുള്ള ബാക്ക് കവറുകള്‍ വാങ്ങിയിടുന്നതിലും അതിനുസരിച്ചുള്ള വാള്‍പേപ്പര്‍ സെറ്റ് ചെയ്യുന്നതിലുമെല്ലാം ആളുകള്‍ രസം കണ്ടെത്തുന്നുണ്ട്. ഉപഭോക്താക്കളുടെ ഈ താല്‍പര്യം ചൂഷണം ചെയ്യുന്ന പലവിധ പരീക്ഷണങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് നത്തിങ് സി.എം.എഫ്. ഫോണ്‍ 1. 

ഉപഭോക്താവിന് എളുപ്പം ഊരിമാറ്റാവുന്ന ബാക്ക് കവര്‍, ഫോണിന് പിന്നില്‍ ഘടിപ്പിക്കാവുന്ന കാര്‍ഡ് ഹോള്‍ഡര്‍ ഉള്‍പ്പടെയുള്ള ആക്‌സസറികള്‍. ഉപഭോക്താക്കളുടെ മുകളില്‍ പറഞ്ഞ ആ രസങ്ങള്‍ നിറവേറ്റുന്നതിനൊപ്പം മെച്ചപ്പെട്ട സോഫ്റ്റ്‌വെയർ ഫീച്ചറുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഫോണ്‍ ഉപയോഗം അതുവഴി ഒരു വിനോദമായി മാറുന്നു. 

ഫീച്ചര്‍ ഫോണുകളുടെ പ്രതാപകാലത്ത് ഇത്തരത്തിലുള്ള പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. നോക്കിയ ഫോണുകളെ തന്നെ ഉദാഹരണമായെടുക്കാം. ഡിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള നോക്കിയ 1600, ഫോണിനെ ഒരു വീഡിയോ ക്യാമറയാക്കി മാറ്റാനാവുന്ന നോക്കിയ എന്‍90 (2005), ഡിസ്‌പ്ലേ സ്ലൈഡ് ചെയ്യാനാവുന്ന എന്‍ 95, എന്‍96 തുടങ്ങി വിചിത്രമായ പലപരീക്ഷണങ്ങളും നോക്കിയ ഫോണുകളുടെ ബാഹ്യ രൂപകല്‍പനയില്‍ നടത്തിയിരുന്നു. ഫോണുകളുടെ ബാറ്ററിയും, ബാക്ക് കേസുകളും ഉപഭോക്താക്കള്‍ക്ക് തുച്ഛമായ വിലയില്‍ വിപണിയില്‍ ലഭ്യമായിരുന്നതും എളുപ്പം മാറ്റി ഉപയോഗിക്കാനാവുന്നതും അവയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 

സി.എം.എഫ്. ഫോണില്‍ സമാനമായ ചില പരീക്ഷണങ്ങളാണ് കമ്പനി നടത്തിയത്. ഫോണിന് പിന്നില്‍ സ്‌ക്രൂകള്‍ ഉപയോഗിച്ച് ഘടിപ്പിച്ച ബാക്ക് കവറുകള്‍. ഏത് നിറം വേണമെങ്കിലും ഇഷ്ടാനുസരണം ഉപഭോക്താവിന് തന്നെ ഉപയോഗിക്കാം. 1499 രൂപയാണ് കമ്പനി തന്നെ പുറത്തിറക്കുന്ന കേസിന് വില. ഫോണിനൊപ്പം ഒരു ലാന്‍യാര്‍ഡും, കാര്‍ഡ് വാലറ്റും കിക്ക്സ്റ്റാന്റും കമ്പനി നല്‍കുന്നുണ്ട്. ഓരോന്നിനും 799 രൂപയാണ് വില. 

ലാന്‍യാര്‍ഡ് ഫോണില്‍ ഘടിപ്പിച്ചാല്‍ ഫോണ്‍ കഴുത്തില്‍ തൂക്കി നടക്കാം. ഹൈക്കിങ്ങിനും മറ്റും പോവുന്നവര്‍ക്കും പല തരം ജോലികള്‍ ചെയ്യുന്നവര്‍ക്കും ഫോണ്‍ ഈ രീതിയില്‍ കഴുത്തിലിടുന്നത് ഉപയോഗപ്പെടും. എ.ടി.എം. കാര്‍ഡുകളും പണവും സൂക്ഷിക്കാനാവുന്ന വാലറ്റാണ് ഫോണിനൊപ്പമുള്ളത്. വിവിധ നിറങ്ങള്‍ മാറ്റി ഉപയോഗിക്കാമെന്നതും സി.എം.എഫ്. ഫോണ്‍ ഉപയോഗം രസകരമാക്കുന്നു. 

സവിശേഷതകള്‍

6.67 ഇഞ്ച് സൂപ്പര്‍ അമോലെഡ് എല്‍.ടി.പി.എസ്. ഡിസ്പ്ലേയാണിതിന്. 2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. 120 ഹെര്‍ട്സ് റിഫ്രശ് റേറ്റുണ്ട്. അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണിതില്‍

8 കോര്‍ 2 ഗിഗാ ഹെര്‍ട്സ് മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 7300 5ജി പ്രൊസസറില്‍ എട്ട് ജി.ബി. റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് ഇത് 16 ജിബി വരെ ആയി ഉയര്‍ത്താനാവും. 6 ജി.ബി.+128 ജി.ബി., 8 ജി.ബി.+128 ജി.ബി. ഓപ്ഷനുകള്‍ ലഭ്യമാണ്. 2 ടി.ബി. വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 

50 എം.പി. പ്രൈമറി ക്യാമറയും ഒരു പോര്‍ട്രെയ്റ്റ് ക്യാമറയും അടങ്ങുന്നതാണ് റിയര്‍ ക്യാമറ മോഡ്യൂള്‍. 16 എം.പി. ആണ് സെല്‍ഫി ക്യാമറ. 30 എ.ഫ്പി.എസില്‍ 4കെ വീഡിയോ ചിത്രീകരിക്കാന്‍ ഇതിലാവും. 60 എഫ്പി.എസിലും 30 എഫ്പിഎസിലും 1080 പിക്സല്‍ വീഡിയോയും ചിത്രീകരിക്കാം. ലൈവ് എച്ച്ഡി.ആര്‍., 120എഫ്പിഎസ് സ്ലോമോഷന്‍, നൈറ്റ് മോഡ്, ആക്ഷന്‍ മോഡ്, ഇഐഎസ് ഇമേജ് സ്റ്റെബിലൈസേഷന്‍, ടൈം ലാപ്സ് തുടങ്ങിയ സൗകര്യങ്ങളും ക്യാമറയില്‍ ലഭ്യമാണ്. 

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6-ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5000 എം.എ.എച്ച്. ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 5 വാട്ട് റിവേഴ്സ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. 197 ഗ്രാം ആണ് ഫോണിന് ഭാരം.

Content Highlights: nothing cmf phone exploring fun in smartphone use