AI ഇരുതലമൂർച്ചയുള്ള വാൾ; തിരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് കഴിയുമെന്ന് നിർമല സീതാരാമൻ

#കെ.വി. രാജേഷ്
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ | Photo - Mathrubhumi archives
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ | Photo - Mathrubhumi archives

മുംബൈ: നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തട്ടിപ്പുകൾ കണ്ടെത്താൻ ഇത് സഹായിക്കുന്നതുപോലെതന്നെ വിവരങ്ങളിലുള്ള നുഴഞ്ഞുകയറ്റത്തിനും ഇത് ഉപയോഗിക്കപ്പെടാം. നിലവിലെ സംവിധാനങ്ങളിൽ പുതിയ ഭീഷണികളുണ്ടാക്കാതെയാകണം സാങ്കേതികവിദ്യകളിലൂടെ പ്രവർത്തനശേഷി വിപുലീകരിക്കേണ്ടതെന്ന് മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.

നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വെല്ലുവിളികളിൽ എപ്പോഴും ജാഗ്രതയുണ്ടാകണം. ലാർജ് ലാംഗ്വേജ് മോഡലുകളും അതുയർത്തുന്ന സൈബർസുരക്ഷാ ഭീഷണിയും വലുതാണ്. ഈ സാങ്കേതികവിദ്യക്ക് സമൂഹത്തെ വലിയ അളവിൽ സ്വാധീനിക്കാനാകും. വേണമെങ്കിൽ രാജ്യത്തെ തിരഞ്ഞെടുപ്പുഫലംവരെ മാറ്റിമറിക്കാൻ ഇവയ്ക്കുകഴിയും. നേരിട്ടുള്ള ഇടപെടലുകളിലൂടെയാകണമെന്നില്ല ഇത്. ജനങ്ങളറിയാതെതന്നെ അഭിപ്രായങ്ങളെ സ്വാധീനിക്കുകയാകും ചെയ്യുക. അതുകൊണ്ടുതന്നെ ഫിൻടെക് രംഗത്ത് സ്വയം നിയന്ത്രണ സംവിധാനമായി യുണിഫൈഡ് ഫിൻടെക് ഫോറത്തിന് രൂപം നൽകിയതിൽ സന്തോഷമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പുതിയ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നതിനൊപ്പം അപകടരഹിതമായി അത് നടപ്പാക്കുന്നതിനും സുരക്ഷാവെല്ലുവിളികൾ ഒഴിവാക്കുന്നതിനും ഇത്തരം നിയന്ത്രണങ്ങൾ നല്ലതാണ്. പുതിയ കണ്ടെത്തലുകളെ ബാധിക്കാത്ത രീതിയിൽ ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങളാകാമെന്നത് റിസർവ് ബാങ്കുമായി ചർച്ചചെയ്തിരുന്നു. യുണിഫൈഡ് ഫിൻടെക് ഫോറം ഫിൻടെക് മേഖലയിലെ മാറ്റങ്ങൾക്കിടയിൽ അനിവാര്യതയാണ്.

പുതിയ കണ്ടെത്തലുകളിലും സാമ്പത്തികവളർച്ചയിലും രാജ്യത്തെ യുവജനതയ്ക്ക് നിർണായക പങ്കുവഹിക്കാനാകും. ഇന്ത്യയിലെ യുവാക്കൾ നാളേക്കായുള്ള കോഡുകൾ എഴുതിത്തുടങ്ങിക്കഴിഞ്ഞു. സുസ്ഥിരമായ സംരംഭങ്ങൾ തയ്യാറാക്കുകയാണ് അവർ. ഇന്ത്യയിലെ ജനസംഖ്യയുടെ കരുത്ത് സക്രിയമാണെന്നും അത് തടയാനാകാത്ത യാഥാർഥ്യമാണെന്നും ഇതുവഴി അവർ തെളിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണ 8,000 സ്ഥാപനങ്ങളാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പ്രതിനിധീകരിച്ചത്. ഇതിൽ ഫിൻടെക് കമ്പനികൾക്ക് 20 ശതമാനം പങ്കാളിത്തമുണ്ട്. സാമ്പത്തിക സ്ഥാപനങ്ങൾ 25 ശതമാനവും സാങ്കേതികവിദ്യയിലൂന്നിയുള്ളവയ്ക്ക് 43 ശതമാനവും പങ്കാളിത്തമുണ്ട്. സേവനപിന്തുണ നൽകുന്ന 12 ശതമാനം സ്ഥാപനങ്ങളും ഇത്തവണ മേളയുടെ ഭാഗമായി.

Content Highlights: Finance Minister Nirmala Sitharaman called AI a double-edged sword at the Global Fintech Fest., Highlighted cyber security threats, LLM risks, and manipulation of public opinion., Welcomed the formation of the Unified Fintech Forum as a self-regulatory mechanism., Emphasized the crucial role of India's youth in driving sustainable financial technology growth.