'എക്സ് അഴുക്കുചാലായി മാറി, ഇരുണ്ട ശക്തികളുടെ പ്രജനന കേന്ദ്രം'; മസ്കിനെതിരേ പീറ്റർ നവാരോ

പീറ്റർ നവാരോ, ഇലോൺ മസ്ക് | ഫോട്ടോ: AP, AFP
പീറ്റർ നവാരോ, ഇലോൺ മസ്ക് | ഫോട്ടോ: AP, AFP

പ്രമുഖ ടെക് വ്യവസായിയും ടെസ്‍ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി പീറ്റർ നവാരോ. മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം അഴുക്കുചാലാണെന്നും ഇത് അങ്ങേയറ്റം ഇരുണ്ട ശക്തികളുടെ ഉത്പാദന കേന്ദ്രമായി മാറിയെന്നും നവാരോ വിശേഷിപ്പിച്ചു. ലോസ് ആഞ്ജലീസിലെ ഒരു അധ്യാപകൻ കൊലപാതകങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്തതിന് പിന്നാലെ, എക്സിൽ പ്രചരിക്കുന്ന അക്രമാസക്തമായ സംഭാഷണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നവാരോ മസ്കിനോട് ആവശ്യപ്പെട്ടു. 

ചാർളി കിർക്കിന്റെ വെടിയേറ്റുള്ള മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണിത്. അക്രമത്തെ ആഘോഷിക്കുന്ന ഓൺലൈൻ പ്രതികരണങ്ങളെ ഇലോൺ മസ്ക് അപലപിക്കുകയും, അതിനെ പ്രശംസിക്കുന്നവരെ ദുഷ്ടർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വ്യക്തികൾക്കെതിരായ ഭീഷണികൾ നിയന്ത്രിച്ചില്ലെങ്കിൽ അവ വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കിർക്കിന്റെ മരണത്തിന് ആഹ്വാനം ചെയ്ത ഒരു പോസ്റ്റിന്, "ഒന്നുകിൽ നമ്മൾ തിരിച്ചടിക്കും, അല്ലെങ്കിൽ അവർ നമ്മളെ കൊല്ലും," എന്ന് മസ്ക് പ്രതികരിച്ചിരുന്നു. മസ്ക് ആദ്യം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടേയെന്നാണ് പീറ്റർ നവാരോ ഇതിന് മറുപടിയായി പറഞ്ഞത്. 

"എന്റെ സുഹൃത്ത് ഇലോൺ മസ്ക്, എക്സ് എന്നറിയപ്പെടുന്ന ഓട വൃത്തിയാക്കി തിരിച്ചടിക്കാൻ തുടങ്ങിയാലോ? ഇനി അജ്ഞാത പോസ്റ്റുകൾ വേണ്ട. വിദേശികൾ നിങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിറഞ്ഞ് നമ്മുടെ രാഷ്ട്രീയ സംവാദങ്ങളെ മലിനമാക്കുന്നതും നിർത്തണം. എക്സ് അങ്ങേയറ്റം ഇരുണ്ട ശക്തികളുടെ പ്രജനന കേന്ദ്രവും പരിശീലന കളരിയുമായി മാറിയിരിക്കുന്നു. നിങ്ങൾക്ക് തിരിച്ചടിക്കണോ? വൈദ്യരേ, സ്വയം ചികിത്സിക്കുക. ഇലോൺ, എക്സിനെ സുഖപ്പെടുത്തൂ." നവാരോയുടെ പോസ്റ്റ് ഇങ്ങനെ.

എക്സിന്റെ ഫാക്ട് ചെക്ക് സംവിധാനത്തെച്ചൊല്ലി നവാരോ അടുത്തിടെ മസ്കിനെതിരായ വിമർശനം ശക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന് ആരോപിച്ച് നവാരോ പോസ്റ്റിട്ടപ്പോൾ, എക്സ് അദ്ദേഹത്തെ തിരുത്തിയിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ഊർജ്ജ സുരക്ഷയ്ക്കാണെന്നും ഇത് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നില്ലെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ ഇക്കാര്യം അസംബന്ധം ആണെന്ന് പറഞ്ഞ് പീറ്റർ നവാരോ തള്ളിക്കളഞ്ഞു. കൂടാതെ എക്സ് പ്ലാറ്റ്‌ഫോമിൽ വ്യാജപ്രചാരണം അനുവദിക്കുന്നുവെന്ന് മസ്കിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഈ വർഷം ആദ്യം, താരിഫുകളെക്കുറിച്ചുള്ള മസ്കിന്റെ നിലപാടിനെ നവാരോ വിമർശിച്ചിരുന്നു. മസ്ക് തന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും നവാരോ സൂചിപ്പിച്ചു. നവാരോയെ വിഡ്ഢി എന്നും "മണ്ടൻ" എന്നും വിളിച്ചാണ് മസ്ക് ഇതിനോട് പ്രതികരിച്ചത്.

Content Highlights: Peter Navarro Urges Elon Musk to Address "Cesspool" of Violent Rhetoric on X