മൂന്ന് വർഷം, വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂൺഷോട്ട് AI; പിന്നിൽ Kimi K3

35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ വിപണിമൂല്യം. ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിൽ 3.5 ബില്ല്യൺ ഡോളർ നേടിയശേഷമാണിത്. ഇതോടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഇന്ത്യയിലെ പല പ്രമുഖ ഐടി കമ്പനികളെയുണ് വെറും മൂന്ന് വർഷംകൊണ്ട് വിപണി മൂല്യത്തിൽ മൂൺഷോട്ട് മറികടന്നിട്ടുള്ളത്. വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയെ കമ്പനി മറികടന്നു. ആന്ത്രോപിക്കിനും ഓപ്പൺഎഐയ്ക്കുമടക്കം വെല്ലുവിളി ഉയർത്തിയ കിമി K3 AI മോഡലിന് പിന്നിലെ സ്റ്റാർട്ടപ്പാണിത്.
2023-ൽ ബെയ്ജിങ്ങിലാണ് മൂൺഷോട്ട് എഐ സ്ഥാപിതമായത്. അടുത്തിടെയാണ് അവർ കിമി കെ3 എഐ മോഡൽ പുറത്തിറക്കുന്നത്. കാര്യക്ഷമതയിൽ ലോകത്തെ തന്നെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിളിനൊപ്പം നിൽക്കാൻ കിമി കെ3യ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എസ് എഐ കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ കഴിവുള്ള എഐ മോഡലുകൾ പുറത്തിറക്കി ശ്രദ്ധ നേടിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പല ടെക് കമ്പനികളേക്കാളും മൂല്യം കണക്കാക്കപ്പെടുന്ന സ്റ്റാർട്ടപ്പായി മൂൺഷോട്ട് മാറുന്നത്. വിപ്രോയുടെ വിപണി മൂല്യം ഏകദേശം 19.7 ബില്ല്യൺ ഡോളറും ടെക് മഹീന്ദ്രയുടെ മൂല്യം 17.2 ബില്ല്യൺ ഡോളറുമാണ് എന്നകാര്യം ഓർക്കണം. വിപ്രോയും ടെക് മഹീന്ദ്രയും പതിറ്റാണ്ടുകളായി ഐടി സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും, മൂൺഷോട്ടിന് മൂന്ന് വർഷം കൊണ്ട് വിപണി മൂല്യത്തിന്റെ കാര്യത്തിൽ അവയെ മറികടക്കാനായി.
എഐ സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ ഐടി കമ്പനികളുടെ വിപണി മൂല്യം മറികടക്കുന്ന സംഭവം ആദ്യത്തേതല്ല. OpenAI, Anthropic എന്നിവയ്ക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയെല്ലാം ഒന്നിക്കുന്നതിനെക്കാൾ കൂടുതൽ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.
മൂൺഷോട്ട് എഐ
യു.എസ് എഐ കമ്പനികളിൽനിന്ന് വ്യത്യസ്തമായി മൂൺഷോട്ട് എഐ ഓപ്പൺ-വെയിറ്റ് AI മോഡലുകളാണ് നിർമ്മിക്കുന്നത്. Claude Fable അല്ലെങ്കിൽ GPT-5.6 പോലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഓപ്പൺ-വെയിറ്റ് മോഡലുകൾക്ക് ഉപയോക്താവിന്റെ ഡിവൈസിൽ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും. കിമി K3 പോലുള്ള മോഡലുകൾ യുഎസ് കമ്പനികളുടെ മുൻനിര എഐ മോഡലുകളേക്കാൾ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയും.
കിമി K3 പുറത്തിറങ്ങിയതു മുതൽ മൂൺഷോട്ട് എഐയുടെ പ്രതിദിന വിൽപ്പന ആറ് മടങ്ങ് വർധിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ, കമ്പനിയുടെ വളർച്ച അമേരിക്ക-ചൈന സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായും മാറിയിട്ടുണ്ട്.
Content Highlights: Moonshot AI valuation reached $35 billion following a $3.5 billion funding round., The startup's market cap now exceeds established Indian IT firms like Wipro and Tech Mahindra., The Kimi K3 open-weight model has driven a six-fold increase in daily sales., Moonshot AI is preparing for a potential IPO in Hong Kong later this year., The company faces geopolitical scrutiny regarding its use of restricted Nvidia chips.