ഗെയിമുകളും 3D മോഡലുകളും നിർമിക്കാം; 'കിമി കെ3.1 പ്രോ' എഐ മോഡൽ പുറത്തിറക്കി മൂൺഷോട്ട് എഐ

ചൈനീസ് നിർമിത ബുദ്ധി കമ്പനിയായ മൂൺഷോട്ട് എഐ (Moonshot AI) പുതിയ ഓപ്പൺ-വെയ്റ്റ് മോഡലായ 'കിമി കെ3.1 പ്രോ' (Kimi K3.1 Pro) അവതരിപ്പിച്ചു. പ്രത്യേക ടൂളുകളുടെ സഹായമില്ലാതെ തന്നെ ഗെയിമുകൾ നിർമ്മിക്കാനും 3D മോഡലുകൾ രൂപകൽപ്പന ചെയ്യാനും സാമ്പത്തിക ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കാനും ഈ മോഡലിന് സാധിക്കും. 10 ലക്ഷം ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയും ഉയർന്ന കോഡിംഗ്, റീസണിംഗ് ശേഷികളുമായാണ് ഈ മോഡൽ എത്തുന്നത്. കിമി കെ3.1 പ്രോ നിലവിൽ കിമിയുടെ വെബ്സൈറ്റ്, ആപ്പ്, കോഡിങ് ടൂളുകൾ, എപിഐ (API) എന്നിവ വഴി ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
- ഗെയിം നിർമ്മാണവും ഇന്ററാക്ടീവ് : യൂണിറ്റി (Unity), അൺറിയൽ എഞ്ചിൻ (Unreal Engine), ഗൊഡോ (Godot) തുടങ്ങിയ പ്രമുഖ ഗെയിം എഞ്ചിനുകളുമായി ചേർന്ന് പ്രവർത്തിക്കാൻ കിമി കെ3.1 പ്രോയ്ക്ക് കഴിയും. കോഡിംഗ്, വെബ് സെർച്ച്, 3D ജനറേഷൻ എന്നിവ സമന്വയിപ്പിച്ച് ഇന്ററാക്ടീവ് അനുഭവങ്ങൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. ആകാശത്ത് ഒഴുകിനടക്കുന്ന കൊട്ടാരവും യോദ്ധാവും കൂറ്റൻ ഡ്രാഗണും ഉൾപ്പെടുന്ന ഒരു യുദ്ധ ഗെയിം മോഡൽ ഇതിനകം വിജയകരമായി സൃഷ്ടിച്ചതായി കമ്പനി വ്യക്തമാക്കി.
- 3D ഡിസൈനിംഗും '3D മേക്ക്' ഫീച്ചറും: ടെക്സ്റ്റ് വിവരണങ്ങൾ, സ്കെച്ചുകൾ, റഫറൻസ് ഇമേജുകൾ എന്നിവ ഉപയോഗിച്ച് മെക്കാനിക്കൽ ഭാഗങ്ങൾ, ആർക്കിടെക്ചറൽ മോഡലുകൾ, ഫർണിച്ചറുകൾ എന്നിവയുടെ 3D ഡിസൈനുകൾ രൂപകൽപ്പന ചെയ്യാനും അവയിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും ഉപയോക്താക്കൾക്ക് സാധിക്കും. അതോടൊപ്പം, 3D മോഡലുകൾ പ്രിവ്യൂ ചെയ്യാനും എഡിറ്റ് ചെയ്യാനും, 3D പ്രിന്റിംഗിനായി ഡൗൺലോഡ് ചെയ്യാനും, വീഡിയോകളായോ ലൈവ് ഫോട്ടോകളായോ എക്സ്പോർട്ട് ചെയ്യാനുമായി '3D മേക്ക്' (3D Make) എന്ന ഫീച്ചർ വെബ്സൈറ്റിലും ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
- സാമ്പത്തിക ഗവേഷണം: സാമ്പത്തിക മോഡലുകൾ, ഇൻഡസ്ട്രി റിപ്പോർട്ടുകൾ, പ്രസന്റേഷനുകൾ എന്നിവ തയ്യാറാക്കാനുള്ള പ്രത്യേക ശേഷി ഈ മോഡലിനുണ്ട്.
- വേഗത: സാധാരണ പതിപ്പിനേക്കാൾ 2 മുതൽ 3 മടങ്ങ് വരെ വേഗതയിൽ പ്രവർത്തിക്കുന്ന 'കിമി കെ3.1 പ്രോ ഹൈസ്പീഡ്' (Kimi K3.1 Pro Highspeed) എന്ന പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: Moonshot AI has launched its advanced open-weight model, Kimi K3.1 Pro, featuring a 1-million token context window and autonomous capabilities for game creation, 3D design, and financial research. The model is now available across Kimi's official website, mobile app, coding tools, and API.