അറിയാതെ മൊബൈൽ ബാറ്ററിയിൽ കടിച്ചു, പിന്നെ കാണുന്നത് അഗ്നിഗോളം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മൊബൈൽ ഫോൺ അമിതമായി ചൂടായതിനെ തുടർന്ന് പൊട്ടിത്തെറിച്ചിട്ടുള്ള സംഭവങ്ങൾ വാർത്തകളിൽ ധാരാളമായി വന്നിട്ടുണ്ട്. എന്നാൽ, മൊബൈൽ ഫോണിന്റെ ബാറ്ററിയിൽ നിന്ന് തീപടരുന്നതിന്റെ പേടിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൊബൈലിന്റെ ബാറ്ററിയിൽ കടിച്ചതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിവ.
ഒരു മൊബൈൽ ഷോപ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു യുവാവ് മൊബൈൽ ഫോണിന്റെ ബാറ്ററി കൈയിൽ പിടിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നീട് അയാൾ അത് വായിൽ വെച്ച് കടിക്കുന്നതും കാണാം. പെട്ടെന്ന് തന്നെ ഇതിൽ നിന്ന് തീപടരുന്നതും ബാറ്ററി വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യുവാവ് ബാറ്ററിയിൽ കടിച്ചതിനെ തുടർന്ന് ഇതിന്റെ കവറിന് തുള വീണിരിക്കാമെന്നാണ് നിഗമനങ്ങൾ. ഇത് തെർമൽ റൺ എവേ എന്ന രാസപ്രവർത്തനത്തിന് കാരണമാകുകയും തുടർന്ന് തീയും പുകയുമുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്തതായിരിക്കാമെന്നാണ് വിലയിരുത്തലുകൾ.
പൊട്ടിത്തെറിയെ തുടർന്ന് സാരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, എവിടെയാണ് ഈ സംഭവം ഉണ്ടായതെന്നും പരിക്കേറ്റയാളുടെ പേരെന്താണെന്നുമുള്ള കാര്യത്തിൽ വ്യക്തതയില്ല.
ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നത് ലിഥിയം അയേൺ ബാറ്ററികളാണെങ്കിലും അവ പൊട്ടിത്തെറിക്കാനുള്ള സാധ്യതകളും ഏറെയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലിഥിയം ബാറ്ററികളിൽ ഗണ്യമായി അളവിൽ എനർജി സംഭരിക്കാനാകുമെന്നും അവ ഉപയോഗിച്ച് കളിക്കരുതെന്നുമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
Content Highlights: Terrifying CCTV footage shows a mobile battery bursting into flames and exploding after a person bit it. Learn about the dangers of lithium-ion batteries.