Call of Duty, Candy Crush ഗെയിമുകള്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം- ആക്ടിവിഷൻ ബ്ലിസാർഡിനെ ഏറ്റെടുത്തു

Photo: Youtube/Xbox
Photo: Youtube/Xbox

കോള്‍ ഓഫ് ഡ്യൂട്ടി, വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്, ഡയബ്ലോ, കാന്‍ഡി ക്രഷ് തുടങ്ങിയ ഗെയിമുകളുടെ പ്രസാധകരായ ആക്ടിവിഷന്‍ ബ്ലിസാര്‍ഡിന്റെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. 6870 കോടി ഡോളറിനാണ് (5.73 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ആക്ടിവിഷനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്നിരുന്നു. 

യുകെയിലേയും യുഎസിലേയും അധികൃതരുമായുള്ള ഏറെനാള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെയും അവരുടെ ടീമിനേയും എക്‌സ് ബോക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സ്‌ബോക്‌സ് മേധാവി ഫില്‍ സ്‌പെന്‍സര്‍ പറഞ്ഞു. 

മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണിത്. 2016 ല്‍ 2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്‍ ഏറ്റെടുത്തത്. 2021 ല്‍ ഗെയിമിങ് കമ്പനിയായ 'ബത്തേസ്ഡ' യെ ഏറ്റെടുത്തത് 750 കോടി ഡോളറിനാണ്. ഗെയിമിങ് രംഗത്തേക്ക് മൈക്രോസോഫ്റ്റിന്റെ വലിയൊരു നീക്കം കൂടിയാണിത്. ഇതുവഴി ടെന്‍സെന്റിനും സോണിക്കും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിങ് കമ്പനിയായി തങ്ങള്‍ മാറുമെന്നാണ് മൈക്രോസോഫ്റ്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. 

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ആക്ടിവിഷന്‍, ബ്ലിസാര്‍ഡ്, കിങ് ഫ്രാഞ്ചൈസികളിലായി എത്തിയിരുന്ന ജനപ്രിയ ഗെയിമുകള്‍ പലതും മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ബോക്‌സ് ഗെയിം പാസിലെത്തും. എന്തായാലും അതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടതായുണ്ട്. 

ബ്ലിസാര്‍ഡിന്റെ മാത്രം ഒമ്പതിലേറെ ഗെയിം സ്റ്റുഡിയോകള്‍ളും കിങ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളും മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. ഒപ്പം ആക്ടിവിഷന്റെ 8500 ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും. 

ഏറ്റെടുക്കലിന് പിന്നാലെ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 2023 അവസാനം വരെ ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് സിഇഒ ബോബി കോട്ടിക് തല്‍സ്ഥാനത്ത്  തുടരും. 

ക്ലൗഡുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തി യുകെയിലെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) ഈ ഏറ്റെടുക്കല്‍ ശ്രമത്തിന് തടസം നിന്നിരുന്നു. പിന്നാലെ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഏറ്റെടുക്കല്‍ നടപടി തടയാന്‍ ശ്രമിച്ചു. ഈ നീക്കങ്ങള്‍ മറികടന്നാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
 

Content Highlights: Microsoft acquired Activision Blizzard Call of Duty candy crush now part of Xbox