സ്മാർട്ട്ഫോണിന് വില കുറയുമോ? മെമ്മറി ചിപ്പ് ക്ഷാമം അഞ്ച് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് മൈക്രോൺ

മൊബൈൽ ഫോണുകളുടെയും ലാപ് ടോപ്പുകളുടെയും വില അടുത്തിടെയെങ്ങാനും കുറയാൻ സധ്യതയുണ്ടോ? നിർമിതബുദ്ധി (എഐ) രംഗത്തെ ലോകവ്യാപകമായ കുതിപ്പാണ് ഇവയുടെ വിലർധനയ്ക്കുള്ള പ്രധാന കാരണം. ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി മെമ്മറി ചിപ്പുകൾ എത്ര ഉയർന്ന വിലയും നൽകി വാങ്ങാൻ എഐ കമ്പനികൾ തയ്യാറാണ്. ഇതുമൂലം സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾ ചിപ്പ് ക്ഷാമവും കനത്ത വിലവർധനയും നേരിടുന്നു. അതിനിടെ അഞ്ച് വർഷത്തേക്കെങ്കിലും മെമ്മറികളുടെ ഉയർന്ന വില മാറ്റമില്ലാതെ തുടർന്നേക്കുമെന്ന് വ്യക്തമാക്കുകയാണ് ലോകത്തിലെ മൂന്ന് പ്രധാന മെമ്മറി വിതരണക്കാരിൽ ഒരാളായ മൈക്രോൺ.
2030 വരെയുള്ള ഉയർന്ന മെമ്മറി വിലകൾ ഇതിനകം നിശ്ചയിച്ച് കഴിഞ്ഞുവെന്നാണ് മൈക്രോണിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച 16 കരാറുകളിലാണ് കമ്പനി ഒപ്പുവെച്ചിട്ടുള്ളത്. വർഷങ്ങളോളം മെമ്മറി വിലനിർണയവും വിതരണവും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കരാറുകൾ.
എഐ കമ്പനികളിൽ നിന്നുള്ള ആവശ്യം ഉത്പാദനത്തെ മറികടക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 2026 മുതൽ 2030 വരെയുടെ കാലപരിധിയിൽ ഉള്ളവയാണ് മിക്ക കരാറുകളും. മൈക്രോണിന് ശക്തമായ ലാഭവിഹിതം നൽകുന്നതാണ് ഈ കരാറുകളെന്ന് മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്ര പറയുന്നു.
എൻവിഡിയയുടെ എഐ പ്രോസസ്സറുകളുടെ പ്രധാന വിതരണക്കാരനാണ് മൈക്രോൺ. അവയ്ക്കൊപ്പം ഉപയോഗിക്കുന്ന ഹൈ-ബാൻഡ്വിഡ്ത്ത് മെമ്മറി ചിപ്പുകളുടെ യുഎസ് ആസ്ഥാനമായ ഏക നിർമ്മാതാവും അവരാണ്. മൈക്രോൺ, സാംസങ്, എസ്.കെ ഹൈനിക്സ് എന്നിവ ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളാണ്. അടുത്തിടെ എസ്.കെ ഹൈനിക്സ് ഏറ്റവും മൂല്യവത്തായ ദക്ഷിണ കൊറിയൻ കമ്പനിയായി സാംസങ്ങിനെ മറികടന്നിരുന്നു.
2030 വരെ മെമ്മറി ക്ഷാമം തുടരുമോ?
മെമ്മറി ക്ഷാമം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയില്ലൈന്നാണ് സഞ്ജയ് മെഹ്റോത്ര പറയുന്നത്. സ്ഥിതിഗതികൾ മെച്ചപ്പെടാൻ സമയം എടുക്കും. 2028-ൽ വ്യവസായ വിതരണം ക്രമേണ മെച്ചപ്പെടുത്താൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
എങ്കിലും വർധിച്ചുവരുന്ന ആവശ്യത്തിന് അനുസരിച്ച് എപ്പോൾ ലഭ്യമാകും എന്നകാര്യത്തിൽ വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം പറയുന്നു. ഐപാഡുകൾക്കും മാക്ബുക്കുകൾക്കും ആപ്പിൾ വില വർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൈക്രോണിന്റെ വെളിപ്പെടുത്തൽ.
കമ്പനികൾ ഉത്പാദനം വർധിപ്പിക്കാൻ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് മൈക്രോൺ പറയുന്നു. ഇതിലൂടെ പ്രശ്നം വളരെവേഗം പരിഹരിക്കാനാകില്ല. പുതിയ മെമ്മറി നിർമാണം കൂടുതൽ സങ്കീർണമാണ്. ഫാക്ടറികൾ നിർമ്മിക്കാൻ കൂടുതൽ സമയമെടുക്കും. ലഭ്യമായ ശേഷി പോലും ഹൈ-ബാൻഡ്വിഡ്ത്ത് മെമ്മറി, മറ്റ് NAND, DRAM ഉൽപ്പന്നങ്ങൾ എന്നിവയുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ല. ഇത് സമീപഭാവിയിലെങ്കിലും ഉയർന്ന വില നിലനിർത്തിയേക്കാം എന്നും കമ്പനി പറയുന്നു.
എഐ ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്ന നൂതന മെമ്മറി ചിപ്പുകളിലാണ് നിലവിൽ മൈക്രോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Content Highlights: Micron secures 16 strategic agreements locking in high memory prices until 2030., AI demand continues to outpace global memory production., Consumer electronics like smartphones and laptops face sustained price hikes., Micron shifts focus from consumer brands like Crucial to high-bandwidth AI chips., Supply-demand balance is not expected to normalize before 2030.