പെഗാസസ്; എന്‍എസ്ഒ ഗ്രൂപ്പിനെതിരായ കേസില്‍ മെറ്റയ്ക്ക് വിജയം, 1400 കോടി രൂപ നഷ്ടപരിഹാരം

വാട്‌സാപ്പ് വഴി പെഗാസസ് സ്‌പൈവെയര്‍ പ്രചരിപ്പിച്ച കേസില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരായ കേസില്‍ മെറ്റയ്ക്ക് വിജയം. 1400 കോടി രൂപയാണ് കേസില്‍ മെറ്റയ്ക്ക് ലഭിച്ചത്. 3.7 കോടി രൂപ നഷ്ടപരിഹാരമായും കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി മെറ്റയ്ക്ക് നല്‍കി.
'എല്ലാവരുടെയും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായ നിയമവിരുദ്ധ സ്‌പൈവെയറിന്റെ വികസനത്തിനും ഉപയോഗത്തിനുമെതിരായ ആദ്യ വിജയമെന്ന നിലയില്‍, വാട്സ്ആപ്പ് കേസിലെ ഇന്നത്തെ വിധി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് മെറ്റ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.
ജൂറിയുടെ തീരുമാനം അമേരിക്കന്‍ കമ്പനികള്‍ക്കുനേരെയും തങ്ങള്‍ സേവനം നല്‍കുന്ന ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും നേരെയുമുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് തടയിടുന്നതാണെന്നും മെറ്റ പറഞ്ഞു.
അതേസമയം വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം തുടര്‍നടപടികളും അപ്പീലും ഉള്‍പ്പെടെ ഉചിതമായ നിയമ പരിഹാരങ്ങള്‍ തേടുമെന്ന്' എന്‍എസ്ഒ ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ഗില്‍ ലെയ്നര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
2019-ല്‍, പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് 1,400 വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിനാണ് മെറ്റാ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തത്. സിറ്റിസന്‍ ലാബ് ആണ് ഈ സൈബറാക്രമണം ആദ്യം വെളിപ്പെടുത്തിയത്. വാട്‌സാപ്പ് കോള്‍ ഫീച്ചറിലെ പഴുത് മുതലെടുത്താണ് പെഗാസസ് സ്‌പൈവെയര്‍ ഫോണുകളിലേക്ക് കടന്നുകയറിയത്. ബാധിക്കപ്പെട്ട ഫോണുകളിലെ ക്യാമറയുടേയും മൈക്കിന്റേയും നിയന്ത്രണം വിദൂരമായി ഏറ്റെടുക്കാനും കോള്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്താനും ഇമെയിലുകള്‍ സന്ദേശങ്ങള്‍ ഉള്‍പ്പടെ കാണാനും ലൊക്കേഷന്‍ അറിയാനും ഹാക്കര്‍മാര്‍ക്ക് സാധിച്ചു.
ഇന്ത്യയിലും നിരവധി പേര്‍ ഈ സൈബറാക്രമണത്തിന് ഇരയായി. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ആക്രമണത്തിനിരയായി. ഭരണകൂടങ്ങള്‍ക്കും, ഭരണകൂട ഏജന്‍സികള്‍ക്കുമാണ് പെഗാസസ് സ്‌പൈ വെയര്‍ വില്‍ക്കാറുള്ളത് എന്നാണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദം. ആ വാദം കേസില്‍ പ്രസക്തമല്ലെങ്കിലും പെഗാസസ് പ്രചരിപ്പിക്കുന്നതിനായി വാട്‌സാപ്പ് തിരഞ്ഞെടുത്തതിനെതിരെയാണ് മെറ്റയുടെ കേസ്. 2014 ലാണ് കേസില്‍ എന്‍എസ്ഒ ഗ്രൂപ്പ് കുറ്റക്കാരാണെന്ന് കോടത് വിധിച്ചത്.
Content Highlights: Meta wins $1.4B lawsuit against NSO Group for using Pegasus spyware to hack WhatsApp users.