യു.എസിൽ കൗമാരക്കാരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാൻ മെറ്റ; ലക്ഷ്യമെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

ഓക്ലൻഡ്: കൗമാരക്കാരിൽ ആസക്തിയുണ്ടാക്കുന്നതരത്തിൽ സാമൂഹിക മാധ്യമങ്ങൾ രൂപകല്പനചെയ്തുവെന്ന കേസിൽ കൂറ്റൻതുക നഷ്ടപരിഹാരം നൽകുന്നതിനു പുറമേ കുട്ടികളുടെ ഉപയോഗത്തിൽ കർശനവ്യവസ്ഥകൾ മെറ്റ കൊണ്ടുവരുന്നു. 18 വയസ്സിന് താഴെയുള്ളവരുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഉപയോഗം പ്രതിദിനം രണ്ട് മണിക്കൂറാക്കി നിയന്ത്രിക്കും എന്നതാണ് പ്രധാനനടപടി.

യുഎസിലെ 48 സംസ്ഥാനങ്ങളുമായി ഫെഡറൽ കോടതിയിൽ നടന്ന നിയമപോരാട്ടം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി 1800 കോടി ഡോളർ (1.7 ലക്ഷം കോടി രൂപയിലധികം) നഷ്ടപരിഹാരം നൽകിയതിന് പുറമേയാണിതെല്ലാം.

രക്ഷിതാക്കളുടെ പ്രത്യേക അനുമതിയോടെ മാത്രമേ കുട്ടികൾക്ക് അധികസമയം ഈ സാമൂഹികമാധ്യമങ്ങൾ വിനിയോഗിക്കാനാകൂ. അർധരാത്രി 12 മുതൽ പുലർച്ചെ ആറുവരെ കുട്ടികൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. 13 വയസ്സിനു താഴെയുള്ള കുട്ടികൾ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുന്നത് തടയാൻ എ.ഐ. സാങ്കേതികവിദ്യയും സ്വതന്ത്ര ഓഡിറ്റുകളും ഉപയോഗിച്ച് പ്രായം നിർണയിക്കുന്നത് കൂടുതൽ കൃത്യമാക്കും.

13 വയസ്സിൽ താഴെയുള്ള ഒരാളെ കണ്ടെത്തി നീക്കംചെയ്താൽ, അവരുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവരുടെ പ്രായവും പരിശോധിക്കും. മാനസികസമ്മർദം ഒഴിവാക്കുന്നതിനായി കൗമാരക്കാരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെ എണ്ണം മറച്ചുവെക്കും. മിക്ക സുരക്ഷാ ഫീച്ചറുകളും സ്വയം പ്രവർത്തനക്ഷമമായിരിക്കും. അമേരിക്കയിൽമാത്രമാണ് നിലവിൽ ഈ വ്യവസ്ഥകൾ ബാധകമാകുക.

Content Highlights: Meta limits teen Instagram and Facebook use to 2 hours per day., Agreement includes paying a massive settlement of 18 billion dollars to 48 US states., Parental permission is required for kids to access extra screen time., App usage is completely blocked between midnight and 6 AM for minors., AI technology and independent audits will be used to verify user age and block under-13 accounts., Like counts on teen posts will be hidden to reduce mental stress.