മോദിയുടെ വീഡിയോ ഫെയ്സ്ബുക്ക് നീക്കിയ സംഭവം: നിയമപരമായ അഭ്യർഥന നടത്തിയതാര്? ചർച്ച സജീവം

#ടെക്‌നോളജി ഡെസ്‌ക്
1. പ്രധാനമന്ത്രി നരേന്ദ്ര മോദി 2. പ്രതീകാത്മകചിത്രം | Photo - Sabu Scaria, Mathrubhumi, Reuters
1. പ്രധാനമന്ത്രി നരേന്ദ്ര മോദി 2. പ്രതീകാത്മകചിത്രം | Photo - Sabu Scaria, Mathrubhumi, Reuters

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്​സ്ബുക്കിൽ നിന്ന് നീക്കംചെയ്യപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി രംഗത്തെത്തിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. നീറ്റ് വിഷയത്തിൽ കോക്ക്‌റോച്ച് ജന്താ പാർട്ടി (CJP) നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെയാണ് സംഭവമുണ്ടായത്. ജെൻസി പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പോസ്റ്റുചെയ്ത വീഡിയോ ആണ് ഫെയ്​സ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. പിന്നീട് വീഡിയോ പുനഃസ്ഥാപിക്കപ്പെട്ടു.

വീഡിയോ നീക്കം ചെയ്യപ്പെട്ടത് പിഴവുമൂലമാണെന്ന് മെറ്റ പറയുന്നു. ജൂലായ് 28-ന് പുലർച്ചെയാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടത്. ഏകദേശം അതേസമയം വീഡിയോയിലെ See Why (എന്തുകൊണ്ട് വീഡിയോ നീക്കംചെയ്യപ്പെട്ടു) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ഉപയോക്താക്കൾക്ക് നിയമപരമായ ഒരു അഭ്യർഥന മാനിച്ച് ഇന്ത്യയിൽ ഈഉള്ളടക്കം നിയന്ത്രിച്ചിരിക്കുന്നു എന്ന വിശദീകരണമാണ് ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നിയമപരമായ അഭ്യർഥന നടത്തിയ ആരാണെന്ന് വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നില്ല.

നിയമപരമായ അഭ്യർഥന മാനിച്ച് ഉള്ളടക്കം നിയന്ത്രിച്ചുവെന്ന മെറ്റയുടെ ആദ്യ വിശദീകരണവും പിഴവ് സംഭവിച്ചതുമൂലം വീഡിയോ നീക്കം ചെയ്യപ്പെട്ടുവെന്ന വാദവും പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. നിയമപരമായ അഭ്യർഥന നടത്തിയത് ആരാണ് എന്ന ചോദ്യം ഉയരുന്നുണ്ട്.

പ്രക്ഷോഭം നടക്കുന്നതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അത്തരം പോസ്റ്റുകൾ സ്വയം നീക്കംചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ടാകാം എന്നാണ് പുറത്തുവരുന്ന വിവരം. ഡീപ്‌ഫേക്ക് വീഡിയോകളും, തെറ്റിദ്ധരിപ്പിക്കുംവിധം എഡിറ്റ് ചെയ്ത വീഡിയോകളും പ്രധാനമന്ത്രി മോദിയുടെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാകിസ്താന്റെ പ്രചാരണ സംവിധാനങ്ങളുമടക്കം തടയാനുളള നീക്കത്തിന്റെ ഭാഗമായാവാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഡീപ്‌ഫേക്കുകളടക്കം കണ്ടെത്തുന്നതിനുള്ള ഫേസ്ബുക്കിന്റെ എഐ (നിർമിതബുദ്ധി) സംവിധാനത്തിന് സർക്കാരിന്റെ ഔദ്യോഗിക കീവേഡുകൾ ഉൾപ്പെട്ട തെറ്റായ വീഡിയോകൾക്കിടെ പ്രധാനമന്ത്രിയുടെ യഥാർഥ വീഡിയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ പ്രധാനമന്ത്രി പ്രക്ഷോഭകരെ അഭിസംബോധന ചെയ്യുന്ന യഥാർഥ വീഡിയോതന്നെ ഫേസ്ബുക്കിന്റെ എഐ സംവിധാനങ്ങൾ നീക്കംചെയ്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും പ്രക്ഷോഭം കെട്ടടങ്ങുകയും ചെയ്തുവെങ്കിലും പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെട്ട സംഭവം കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. കേന്ദ്രം സംഭവത്തെക്കിറിച്ച് അന്വേഷണം നടത്തുകയും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഉന്നതരെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ്  കമ്പനി ക്ഷമാപണവുമായി രംഗത്തെത്തിയത്. വീഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. പിഴവുമൂലം സംഭവിച്ചു എന്നുമാത്രമാണ് പറയുന്നത്.

ജൂലായ് 23-ന് രാത്രി 11:52-ന് പോസ്റ്റ് ചെയ്ത പ്രധാനമന്ത്രിയുടെ വീഡിയോ ആണ് ഫേസ്ബുക്കിന് തലവേദന സൃഷ്ടിച്ചത്. ജെൻ സി പ്രക്ഷോഭകരെ പ്രധാനമന്ത്രി മോദി നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യ വീഡിയോ ആയിരുന്നു അത്. ഫോണിന്റെ ഫ്രണ്ട് ക്യാമറയിൽ റെക്കോർഡ് ചെയ്ത സെൽഫി സ്‌റ്റൈൽ സന്ദേശത്തിൽ മോദി കാഴ്ചക്കാരെ 'സുഹൃത്തുക്കളേ' എന്നാണ് അഭിസംബോധന ചെയ്തത്.

ചോദ്യ പേപ്പർ ചോർച്ച ഒരു സാധാരണ പ്രശ്‌നമല്ലെന്ന് തനിക്കറിയാം എന്ന് അദ്ദേഹം വീഡിയോയുടെ ആദ്യഭാഗത്തുതന്നെ വ്യക്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വളരെ വേദനാജനകമാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടി ജയിലിലാക്കിയിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ മുൻഗണന നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Meta restored PM Modi's video after an accidental restriction in India., The video addressed NEET-UG paper leak concerns and government actions., PM Modi announced plans for fast-track courts to handle examination irregularities., The Ministry of Electronics and Information Technology summoned Meta officials regarding the incident.