ഡേറ്റ ചോർന്നു, ജീവനക്കാരുടെ കമ്പ്യൂട്ടർ ഉപയോഗം ട്രാക്ക് ചെയ്യുന്നത് നിർത്തിവെച്ച് മെറ്റ

എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി അമേരിക്കയിലെ തങ്ങളുടെ ജീവനക്കാരുടെ കീസ്ട്രോക്കുകൾ, മൗസ് ക്ലിക്കുകൾ, സ്‌ക്രീൻ ഉള്ളടക്കം എന്നിവ രഹസ്യമായി ട്രാക്ക് ചെയ്തിരുന്ന പ്രോഗ്രാം നിർത്തിവെച്ച് മെറ്റ. ഡേറ്റ ചോർന്നതിനെ തുടർന്നാണിത്. ശേഖരിച്ച ഡാറ്റ കമ്പനിക്കുള്ളിൽ ആർക്കും ലഭ്യമാകുന്ന സാഹചര്യമാണ് ഉള്ളതെന്ന് നേരത്തെതന്നെ വയേഡ് റിപ്പോർട്ട് ചെയ്തിരുന്നു. ട്രാക്കിങ് ഓഫ് ചെയ്യാൻ ജീവനക്കാർക്ക് ഒരുതരത്തിലും സാധ്യമല്ലെന്ന് മെറ്റ രണ്ട് മാസംമുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഡേറ്റ ചോർന്നതോടെ കമ്പനി നിലപാട് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
'മോഡൽ കേപ്പബിലിറ്റി ഇനിഷ്യേറ്റീവ്' (MCI) ന്റെ ഭാഗമായാണ് ജീവനക്കാരുടെ കമ്പ്യൂട്ടർ ഉപയോഗം ട്രാക്ക് ചെയ്തിരുന്നത്. അതിനുള്ള ടൂൾ ഏപ്രിലിൽ അമേരിക്കൻ ജീവനക്കാരുടെ ലാപ്‌ടോപ്പുകളിൽ സ്ഥാപിച്ചിരുന്നു. ജീവനക്കാർ സോഫ്റ്റ്‌വെയർ എങ്ങനെ ഉപയോഗിക്കുന്നു, ഡ്രോപ്പ്ഡൗൺ മെനു, കീബോർഡ് ഷോർട്ട്കട്ടുകൾ, മറ്റു ചെറിയ കാര്യങ്ങൾ എന്നിവ മെറ്റയുടെ എഐ ഏജന്റുകളെ പഠിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
തുടക്കത്തിൽ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാരെ ഒരു തരത്തിലും അനുവദിച്ചിരുന്നില്ല. എന്നാൽ ജീവനക്കാർ ആഴ്ചകളോളം എതിർപ്പ് ഉയർത്തിയതോടെ ഒരു ഇളവ് അനുവദിക്കാൻ മെറ്റ തയ്യാറായി. ഇതിന്റെ ഭാഗമായി ചില ജീവനക്കാർക്ക് 30 മിനിറ്റ് നേരത്തേക്ക് ട്രാക്കിങ് താത്കാലികമായി നിർത്തിവെക്കാൻ അനുവാദം നൽകിയിരുന്നു.
ഡേറ്റ ചോർന്നതായി ഒരു മെറ്റ എൻജിനീയർ റിപ്പോർട്ട് ചെയ്തതിന് ശേഷം തിങ്കളാഴ്ചയാണ് ട്രാക്കിങ് നിർത്തിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പ്രോംപ്റ്റുകളും ട്രാൻസ്‌ക്രിപ്ഷനുകളും, സ്വകാര്യ സംഭാഷണങ്ങളും, ജീവനക്കാരുടെ പ്രകടനം സംബന്ധിച്ച രേഖകളുമടക്കം ചോർന്നവയിൽ ഉൾപ്പെടുന്നു. മെറ്റ ഇതിനെ ഗൗരവതരമായാണ് കാണുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു.
കടുത്ത വിമർശനം നേരിട്ട നീക്കം
ചോർച്ചയ്ക്ക് വളരെ മുമ്പുതന്നെ മെറ്റയുടെ നീക്കം ജീവനക്കാരുടെ കടുത്ത വിമർശനം നേരിട്ടിരുന്നു. നീക്കം ഡേറ്റാ ചോർച്ച അടക്കമുള്ളവയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് അവർ നൽകിയിരുന്നു. 1,600-ലധികം ജീവനക്കാർ മാനേജ്‌മെന്റിന് നിവേദനം നൽകി.
എന്നാൽ മെറ്റ സിഇഓ മാർക്ക് സക്കർബർഗ് ഈ ആശങ്കകളെയെല്ലാം അവഗണിക്കുകയാണ് ചെയ്തത്. മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് കമ്പനി ജീവനക്കാരുടെ കമ്പ്യൂട്ടർ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള നീക്കത്തിന് തുടക്കം കുറിച്ചത്.
Content Highlights: Meta paused its Model Capability Initiative (MCI) tracking tool following an internal data leak., The tool recorded keystrokes and screen content from US employees without an opt-out option., Over 45,000 internal tables containing private employee data were accessible company-wide., Employees had previously petitioned against the program citing security and regulatory concerns., Meta claims no data was improperly accessed by unauthorized parties during the exposure.