മെറ്റയിലെ പിരിച്ചുവിടൽ: 'ബുദ്ധിമുട്ട് മനസിലാക്കുന്നു'; പുലർച്ചെ വന്ന ഇമെയിലിലെ വിവരങ്ങൾ പുറത്ത്

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. മെറ്റ സിഇഓ മാര്‍ക്ക് സക്കര്‍ബെര്‍ഗ് | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. മെറ്റ സിഇഓ മാര്‍ക്ക് സക്കര്‍ബെര്‍ഗ് | Photo - AP, AFP

യു.എസ് ടെക് കമ്പനിയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ ലഭിച്ചത്. മെറ്റയുടെ പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ ജോലി ഇല്ലാതായതായിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഇമെയിലാണ് ജീവനക്കാർക്ക് പുലർച്ചെ ലഭിച്ചത്.

8,000-ത്തോളം ജീവനക്കാരെയാണ് മെറ്റ ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇത് മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം വരും. ഈ നടപടിക്കൊപ്പം ആയിരക്കണക്കിന് ജീവനക്കാരെ AI-യെ കേന്ദ്രീകരിച്ചുള്ള പുതിയ ടീമുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

പിരിച്ചുവിടപ്പെട്ട ജീവനക്കാർ നിലവിൽ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള സ്വന്തം സാധനങ്ങൾ എടുത്തുമാറ്റണമെന്ന് ഇമെയിലിൽ നിർദേശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുന്ന ആക്‌സസ് ബാഡ്ജുകളും ഇന്റേണൽ സിസ്റ്റങ്ങളും ഉടൻ പ്രവർത്തനരഹിതമാക്കുമെന്നും, പിരിച്ചുവിടപ്പെട്ട ജീവനക്കാർ അതിനുശേഷം ആനുകൂല്യങ്ങൾ, പുതിയ ജോലിക്കുള്ള സഹായം എന്നിവയ്ക്കായി മെറ്റയുടെ അലുമ്‌നി പോർട്ടലിലേക്ക് മാറ്റുമെന്നും മെറ്റ അഭ്യർഥിച്ചിട്ടുണ്ട്.

'മെറ്റ സ്‌പോൺസർ ചെയ്യുന്ന വിസയും തൊഴിൽ അനുമതിയും ഉള്ളവർക്ക് നടപടി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഞങ്ങൾക്കറിയാം. അലുമ്‌നി പോർട്ടലിൽ നിങ്ങളുടെ അടിയന്തര ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. നിയമപരമായ ആവശ്യങ്ങൾക്കായി സമീപിക്കേണ്ട സ്ഥാപനത്തിന്റെ കോൺടാക്റ്റ് വിവരങ്ങളും ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ സാഹചര്യം സംബന്ധിച്ച് പ്രത്യേക ചോദ്യങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് അലുമ്‌നി പോർട്ടൽ വഴി ഒരു കേസ് തുറക്കാമെന്നും മെമ്മോയിൽ പറയുന്നു.

ഇന്ന് മുതൽ നിങ്ങൾ നോട്ടീസ് കാലയളവിലാണ്. ഈ സമയത്ത് ഓഫീസിലേക്ക് പ്രവേശനം ഉണ്ടാകില്ല. മെറ്റയ്ക്കുവേണ്ടി നിങ്ങൾക്ക് തുടർന്ന് ജോലി ചെയ്യേണ്ടതില്ല. നിങ്ങളുടെ ടെർമിനേഷൻ തീയതി വരെ പെയ്ഡ് ടൈം ഓഫ് (പിടിഓ) തുടർച്ചയായി ലഭിക്കുന്നതായിരിക്കും. നോട്ടീസ് കാലയളവിൽ, നിങ്ങൾക്ക് ശമ്പളത്തിന്റെ അത്രതന്നെ തുക നോട്ടീസ് പേ ആയി ലഭിക്കും. നിങ്ങളുടെ ടെർമിനേഷൻ തീയതി വരെ നിങ്ങളുടെ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, പിരിച്ചുവിടപ്പെട്ട എച്ച്-1ബി വിസയിലുള്ള ജീവനക്കാർ കർശനമായ തൊഴിൽ - വിസ നിയമങ്ങൾ കാരണം യുഎസിൽ അതിജീവിക്കാൻ കഷ്ടപ്പെടുകയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. യുഎസ് കുടിയേറ്റ നിയമങ്ങൾ അനുസരിച്ച്, ജോലി നഷ്ടപ്പെടുന്ന എച്ച് -1ബി വിസയുള്ളവർക്ക് സാധാരണയായി അവരെ സ്‌പോൺസർ ചെയ്യാൻ തയ്യാറുള്ള മറ്റൊരു തൊഴിലുടമയെ കണ്ടെത്താൻ 60 ദിവസത്തെ സമയം മാത്രമാണ് ലഭിക്കുന്നത്. ആ കാലയളവിനുള്ളിൽ ഒരു പുതിയ ജോലി നേടാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ അവർക്ക് രാജ്യം വിടേണ്ടി വന്നേക്കാം.

ടെക് കമ്പനികളിൽ പിരിച്ചുവിടൽ തുടരുന്നതിനാൽ സാഹചര്യം കൂടുതൽ സങ്കീർണമായി മാറിയിട്ടുണ്ട്. ആമസോൺ, ഒറാക്കിൾ, മെറ്റ എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ പിരിച്ചുവിടൽ തുടരുന്നതിനാൽ പല തൊഴിലാളികളും കാനഡയിലും യൂറോപ്പിലും ബാക്കപ്പ് ഓപ്ഷനുകൾ കണ്ടെത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. മറ്റ് ചിലർ F-1 സ്റ്റുഡന്റ് വിസകൾ, O-1 വിസകൾ, ഇൻട്രാ-കമ്പനി ട്രാൻസ്ഫർ വിസകൾ പോലുള്ള ബദൽ വിസ വഴികൾ പരിഗണിക്കുന്നുണ്ട്. എക്‌സ്പ്രസ് എൻട്രി, ഗ്ലോബൽ ടാലന്റ് സ്ട്രീം പോലുള്ള പ്രോഗ്രാമുകളിലൂടെ കാനഡയിലേക്ക് മാറാനും പലരും ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

Content Highlights: Meta has initiated a layoff of approximately 8,000 employees as part of a strategic pivot toward AI., Affected H-1B visa holders face a critical 60-day window to secure new sponsorship or face deportation., Meta is providing severance packages and access to an Alumni Portal for immigration guidance., The 2026 tech sector downturn has seen over 110,000 layoffs across 144 companies., Many displaced workers are exploring B-2, F-1, or O-1 visa alternatives to remain in the US.