മോദിയുടെ വീഡിയോ നീക്കൽ; Meta ആഗോളസംഘം എത്തും, പാർലമെന്ററി സമിതിക്ക് മുന്നിലും ഹാജരാകും

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - ANI, AFP
1. പ്രതീകാത്മകചിത്രം 2. പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - ANI, AFP

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെൽഫി വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയുടെ ആഗോള നേതൃസംഘം അടുത്തയാഴ്ച കേന്ദ്രസർക്കാരിന് വിശദീകരണം നൽകും. സാങ്കേതികത്തകരാർ കാരണം സംഭവിച്ച പിഴവെന്നാണ് കമ്പനി നേരത്തേ നൽകിയ വിശദീകരണം. അത് തൃപ്തികരമല്ലെന്ന നിലപാടാണ് സർക്കാരിന്.

ഇക്കാര്യത്തെ ഗൗരവമായി കാണുന്നെന്ന് വ്യക്തമാക്കി ആഗോള സംഘത്തോടുതന്നെ വിശദീകരണമാവശ്യപ്പെട്ടു. അൽഗൊരിതം പ്രവർത്തിക്കുന്നതെങ്ങനെയെന്നും പ്രധാനമന്ത്രിയെപ്പോലെ സുപ്രധാന പദവിയിലിരിക്കുന്നയാളുടെ അക്കൗണ്ടിൽനിന്ന് വീഡിയോ പോയതെങ്ങനെയാണെന്നും മെറ്റ വിശദീകരിക്കേണ്ടിവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

അടുത്തയാഴ്ച മധ്യത്തോടെ ആഗോള സംഘം ഡൽഹിയിലെത്തുമെന്നാണ് വിവരം. സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് മുന്നിലും മെറ്റ പ്രതിനിധികൾ ഹാജരാകും.

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കണ്ടന്റ് മോഡറേഷൻ സംവിധാനത്തിലുണ്ടായ പിഴവാണ് പോസ്റ്റ് നീക്കാൻ കാരണമായതെന്നാണ് മെറ്റ പറയുന്നത്. വിവാദമായതോടെ ഉടനടി വീഡിയോ പുനഃസ്ഥാപിച്ച് മാപ്പപേക്ഷിച്ചിരുന്നു. ജൂലായ് 23-ന് രാത്രി മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത സെൽഫി വീഡിയോ 24 മണിക്കൂറിൽ 30.3 കോടി പേർ കണ്ട് റെക്കോഡിട്ടിരുന്നു.

നിയമ നടപടി നേരിട്ട് മെറ്റ ഇന്ത്യൻ മേധാവി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സാമൂഹികമാധ്യമങ്ങൾവഴി അധിക്ഷേപപോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റയുടെ ഇന്ത്യൻ മേധാവി അരുൺ ശ്രീനിവാസിന്റെ പേരിൽ കേസെടുത്ത് ഹൈദരാബാദ് സൈബർ ക്രൈം പോലീസ്.

ചില സാമൂഹികമാധ്യമ ഉപയോക്താക്കൾക്കെതിരേയും രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെലങ്കാന ബി.ജെ.പി.യുടെ സാമൂഹികമാധ്യമസമിതി അംഗത്തിന്റെ പരാതിയിലാണ് നടപടി. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾവഴി പ്രചരിപ്പിച്ച ചില പോസ്റ്റുകൾ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നും രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ക്രമസമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നതാണെന്നും കാട്ടിയാണ് കേസ്.

ഇതിനെത്തുടർന്ന് പോസ്റ്റിട്ടവർക്കെതിരേയും ഇൻസ്റ്റഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ ഇന്ത്യയിലെ മേധാവിക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.

കോക്രോച്ച് ജനതാപാർട്ടി നയിച്ച നീറ്റ് പ്രക്ഷോഭത്തിനിടെ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരേ ഉടൻ കേസെടുക്കണമെന്ന് തെലങ്കാന ബി.ജെ.പി. വക്താവ് എൻ.വി. സുഭാഷ് ആവശ്യപ്പട്ടു.

Content Highlights: Meta's global leadership to provide official explanation to the Indian government., Removal attributed to an automated AI content moderation system glitch., Parliamentary committee to review social media regulation protocols., PM Modi's selfie video set a record of 303 million views in 24 hours., Government remains unsatisfied with initial technical explanations.