അമേരിക്കൻ എഐയെ പൂട്ടാൻ നോക്കേണ്ട! കമ്പനികൾ സ്വയം നിയന്ത്രിച്ചാൽ മതി, പൊതു നിയമം വേണ്ട- നിലപാടറിയിച്ച് സക്കർബർഗ്

നിർമിത ബുദ്ധി മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന നിലപാടുകാരാണ് ഓപ്പൺ എഐയും ആന്ത്രോപിക്കും. ഇതിനുവേണ്ടി ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെ മുന്നോട്ടുവെച്ച നിർദേശങ്ങൾ എതിരാളികളായ ഓൾട്ട്മാനും ഇലോൺ മസ്കുമെല്ലാം അംഗീകരിച്ചിരുന്നു. എഐ വികസനവേഗം കുറയ്ക്കാൻ കമ്പനികൾ സഹകരിച്ചു പ്രവർത്തിക്കണമെന്നും അതിനുവേണ്ടി പുറത്തുനിന്നുള്ള പരിശോധകരെ അനുവദിക്കണമെന്നുമുള്ള നിർദേശങ്ങളും അക്കൂട്ടത്തിലുണ്ട്. എന്നാൽ, ഈ സമീപനത്തോട് അനുകൂല നിലപാടല്ല മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്. ഇതിനകംതന്നെ കമ്പനികൾ ഓരോന്നും അവരുടെ എഐ മോഡലുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് സക്കർബർഗ് പറയുന്നു.
എഐയെ സുരക്ഷിതമാക്കാൻ കമ്പനികൾക്ക് പ്രത്യേകം ചട്ടക്കൂടിന്റെ ആവശ്യമില്ലെന്നും അവർ അത് സ്വയം ചെയ്താൽ മതിയെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സക്കർബർഗ് പറഞ്ഞു. മോഡലുകൾ സുരക്ഷിതമായി പരിശീലിപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും ഓരോ കമ്പനിക്കും സ്വയം ഉത്തരവാദിത്തവും താത്പര്യവുമുണ്ട്. എഐ മോഡലുകൾ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തിവെച്ചാൽ കമ്പനികൾ വലിയ നിയമപരമായ ബാധ്യതകൾ നേരിടേണ്ടിവരുമെന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ അവർതന്നെ ശ്രദ്ധിക്കും.
സുരക്ഷാ ആശങ്കകളെത്തുടർന്ന് മെറ്റ തങ്ങളുടെ 'മ്യൂസ്' എന്ന എഐ ഏജന്റിന്റെ റിലീസ് വൈകിപ്പിച്ചിരുന്നുവെന്ന് സക്കർബർഗ് പറയുന്നു. അതിനായി മറ്റുള്ള കമ്പനികളോടും വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അത് ചെയ്തത്. കാരണം ജനങ്ങൾക്കും ഞങ്ങൾക്കും അതാണ് നല്ലത്- സക്കർബർഗ് പറഞ്ഞു.
അമേരിക്കൻ എഐ മോഡലുകളുടെ റിലീസ് ഒരു മാസത്തേക്ക് പോലും വൈകിപ്പിക്കുന്ന ഏതൊരു നയവും വിദേശ മോഡലുകൾക്ക് മുന്നേറാൻ അവസരമൊരുക്കുമെന്നും, അത് എഐ രംഗത്തെ അമേരിക്കയുടെ മേധാവിത്വത്തിന് വലിയ ഭീഷണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എഐ വികസനത്തിൽ അമേരിക്കൻ ഗവേഷണം മന്ദഗതിയിലാക്കരുത് എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെയും നിലപാടിനോട് യോജിക്കുന്നതാണ് സക്കർബർഗിന്റെ ഈ കാഴ്ചപ്പാട്.
Content Highlights: Meta CEO Mark Zuckerberg opposes proposals by Anthropic and OpenAI to slow artificial intelligence development through external regulations, arguing that each company should manage safety internally and warning that pauses will jeopardize American technological dominance.