ഫുഡ് ഡെലിവറി ആപ്പിലെ പഴുത്; യുവാവ് സൗജന്യമായി ഭക്ഷണം വാങ്ങിയത് ആയിരത്തിലേറെ തവണ, കമ്പനിക്ക് 21 ലക്ഷത്തിന്റെ നഷ്ടം

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിരവധി പേരാണ് ഓരോ ദിവസവും ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് 'വയറുനിറയ്ക്കുന്നത്'. ഇഷ്ട റെസ്റ്ററന്റില്‍ നിന്നുള്ള ഇഷ്ടഭക്ഷണം ഏതാനും ക്ലിക്കുകള്‍ കൊണ്ട് വാതില്‍പ്പടിയില്‍ എത്തുന്നുവെന്നത് തന്നെയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ ജനപ്രീതിക്ക് കാരണം.
എന്നാല്‍ ഇത്തരമൊരു ആപ്പിലെ പഴുത് ഉപയോഗിച്ച് ആയിരത്തിലേറെ തവണയാണ് ഒരു യുവാവ് സൗജന്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിച്ചത്. ഇതുവഴി 21 ലക്ഷം രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
ജപ്പാനിലെ നഗോയാ നഗരത്തിലാണ് സംഭവം. തകുയാ ഹിഗഷിമോട്ടോ എന്ന 38-കാരനായ യുവാവാണ് ആപ്പിലെ പഴുത് മുതലെടുത്തത്. റീഫണ്ടുമായി ബന്ധപ്പെട്ട ആപ്പിലെ പിഴവായിരുന്നു ഇത്. ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം ഡെലിവറി ചെയ്യുന്ന ആളില്‍ നിന്ന് വാങ്ങിയശേഷം ആപ്പില്‍ ഭക്ഷണം വന്നില്ല എന്ന് ഇയാള്‍ രേഖപ്പെടുത്തും. ഇതോടെ നല്‍കിയ പണം റീഫണ്ടായി യുവാവിന് തിരികെ ലഭിക്കും.
ഈ ലൂപ് ഹോള്‍ മുതലെടുത്ത് രണ്ടുവര്‍ഷം കൊണ്ട് 1095 തവണയാണ് ഇയാള്‍ ഭക്ഷണം വാങ്ങിയത്. ഇതുവഴി 37 ലക്ഷം യെന്‍ അഥവാ 21 ലക്ഷത്തിലേറെ രൂപ ഭക്ഷണവിതരണ കമ്പനിക്കുണ്ടായെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹാംബര്‍ഗര്‍ സ്റ്റീക്‌സ്, ഐസ്‌ക്രീം, ഈല്‍ ബെന്റോ തുടങ്ങിയ വന്‍ വിലയുള്ള ഭക്ഷണങ്ങളാണ് തകുയാ ഹിഗഷിമോട്ടോ ഓര്‍ഡര്‍ ചെയ്തിരുന്നത്. വര്‍ഷങ്ങളായി ഇയാള്‍ തൊഴില്‍രഹിതനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫുഡ് ഡെലിവറി ആപ്പില്‍ ഇയാള്‍ക്ക് വ്യാജ പേരുകളില്‍ 124 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. നല്‍കിയ വിലാസങ്ങളും വ്യാജമായിരുന്നു. അക്കൗണ്ടുകളുണ്ടാക്കാനായി പ്രീപെയ്ഡ് മൊബൈല്‍ കാര്‍ഡുകള്‍ വ്യാജ വിവരങ്ങള്‍ നല്‍കി വാങ്ങിയശേഷം ഉടന്‍ തന്നെ അത് റദ്ദാക്കുന്നതും പതിവായിരുന്നു.
ജൂലായ് 30-നാണ് ഇയാള്‍ ഇത്തരത്തില്‍ അവസാനം അക്കൗണ്ടുണ്ടാക്കിയത്. തുടര്‍ന്ന് ഐസ്‌ക്രീം, ബെന്റോ, ചിക്കന്‍ സ്റ്റീക്‌സ് എന്നിവ ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് പതിവുപോലെ ഭക്ഷണം ലഭിച്ചശേഷം ലഭിച്ചില്ല എന്ന് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത് ഭക്ഷണത്തിന്റെ വിലയായ 16,000 യെന്‍ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണ ഇയാൾക്ക് പിടി വീഴുകയായിരുന്നു.
തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ആപ്പിന്റെ ഉടമകള്‍ ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തിയെ തിരിച്ചറിയാനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും അസാധാരണമായ ഇടപാടുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അറിയിച്ചു.
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരമൊരു തട്ടിപ്പിന്റെ ആശയം താന്‍ ആദ്യം പരീക്ഷിച്ചുനോക്കുക മാത്രമാണ് ചെയ്തതെന്നും അത് വിജയിച്ചപ്പോള്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അത് നിര്‍ത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
Content Highlights: Japanese Man Exploits Loopholes In Food Delivery App, Eats Over 1,000 Free Meals