അശ്ലീല എഐ ചിത്രങ്ങൾ; ഗ്രോക്കിനെ ബ്ലോക്കുചെയ്ത് മലേഷ്യയും ഇൻഡൊനീഷ്യയും

ക്വലാലംപുർ: യഥാർഥമെന്നു തോന്നുംവിധമുള്ള വ്യാജ അശ്ലീലചിത്രങ്ങൾ (ഡീപ്പ്‌ഫെയ്ക്കുകൾ) പടച്ചുവിടാൻ ഉപയോഗിക്കുന്നതിന്റെ പേരിൽ നിർമിതബുദ്ധി (എഐ) ചാറ്റ്‌ബോട്ടായ ഗ്രോക്കിന് മലേഷ്യയും ഇൻഡൊനീഷ്യയും വിലക്കേർപ്പെടുത്തി. ഗ്രോക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് ഇവ.
ശനിയാഴ്ചയാണ് ഇൻഡൊനീഷ്യൻ സർക്കാർ ഗ്രോക്കിന് താത്കാലിക വിലക്കേർപ്പെടുത്തിയത്. മലേഷ്യ ഞായറാഴ്ചയും. അശ്ലീലചിത്രങ്ങളുടെ കാര്യത്തിൽ ‘എക്സി’ന്‍റെ പേരിൽ ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം തിങ്കളാഴ്ച അന്വേഷണമാരംഭിച്ചു. ലോകത്തെ ഏറ്റവുംവലിയ ധനികനും ടെസ്‍ല-സ്പെയ്സ്എക്സ് സിഇഒയുമായ ഇലോൺ മസ്കിന്റെ എഐ കമ്പനിയായ എക്സ്എഐ വികസിപ്പിച്ച ടൂളാണ് ഗ്രോക്.
ജനറേറ്റീവ് എഐ സങ്കേതങ്ങൾ ഡീപ്പ്ഫെയ്ക്ക് ചിത്രങ്ങൾ, ശബ്ദരേഖകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ പടച്ചുവിടുന്നത് ആഗോളതലത്തിൽ വലിയ ആശങ്ക ഉയർത്തിയിരിക്കേയാണ് തീരുമാനം. ഈ വിഷയത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്രോക്കിനോട് വിശദീകരണംതേടിയിരുന്നു.
വ്യക്തികളുടെ സമ്മതമില്ലാതെ അശ്ലീല ഡീപ്ഫെയ്ക്കുകൾ നിർമിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനവും പൗരരുടെ അന്തസ്സിനെ ബാധിക്കുന്നതും ഡിജിറ്റൽ ഇടങ്ങളിലെ അവരുടെ സുരക്ഷയെ അട്ടിമറിക്കുന്നതുമായ പ്രവൃത്തിയാണെന്ന് ഇൻഡൊനീഷ്യയുടെ കമ്യൂണിക്കേഷൻ-ഡിജിറ്റൽകാര്യ മന്ത്രി മ്യൂത്യ ഹാഫിദ് പറഞ്ഞു.
Content Highlights: Malaysia and Indonesia block Musk's Grok over explicit deepfakes