‘സൂപ്പർമാനേജർ എ.ഐ’; മലയാളിയുടെ എ.ഐ. സ്റ്റാർട്ടപ്പ് യു.എസ് കമ്പനി 50 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു

#പി. ലിജീഷ്
നിർമൽ നന്പ്യാർ | Photo: Mathrubhumi
നിർമൽ നന്പ്യാർ | Photo: Mathrubhumi

നിർമിതബുദ്ധി സ്റ്റാർട്ടപ്പ് മേഖലയിൽ നേട്ടവുമായി മലയാളിയുടെ എ.ഐ. സ്റ്റാർട്ടപ്പിനെ അമേരിക്കൻകമ്പനി 50 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഓർക്കാട്ടേരി സ്വദേശി നിർമൽ നമ്പ്യാർ ഉത്തരാഖണ്ഡ് സ്വദേശി ആദിത്യശർമക്കൊപ്പം തുടങ്ങിയ സൂപ്പർ മാനേജർ എ.ജി.ഐ. എന്ന സ്റ്റാർട്ടപ്പാണ് യു.എസിലെ പ്രമുഖ 100 കമ്പനികളുടെ പട്ടികയിലുള്ള ഒരു കമ്പനി സ്വന്തമാക്കുന്നത്. ഒരുമാസത്തിനുള്ളിൽ നടപടി പൂർത്തിയാകും. പ്രവർത്തനംതുടങ്ങി 15 മാസംകൊണ്ടാണ് ഇത്രയുംവലിയ നേട്ടമെന്ന് നിർമൽ മാതൃഭൂമിയോട് പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികളുടെ പ്രോജക്ട് മാനേജ്‌മെന്റ്, നിർവഹണം എന്നിവ എ.ഐ. ഏജന്റ്‌സിലൂടെ എളുപ്പമാക്കുന്ന സ്റ്റാർട്ടപ്പാണിത്. നേരത്തെ ഒക്‌ലസ് എ.എ. എന്നായിരുന്നു പേര്. ഛണ്ഡീഗഢിലാണ് ആസ്ഥാനമെങ്കിലും ബെംഗളൂരുവിലും ഓഫീസുണ്ട്. നൂറോളം പ്രമുഖ കമ്പനികൾ നിലവിൽ ഈ എ.ഐ. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

ഓർക്കാട്ടേരി മഠത്തിൽ കെ.കെ. നിവാസിൽ നിഷയുടെയും ഡെപ്യൂട്ടി കമൻഡാന്റ് വളയത്തെ പരേതനായ ആർ. ശ്രീജന്റെയും മകനാണ് നിർമൽ.

ധാർവാഡ് ഐ.ഐ.ടി.യിൽനിന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് പൂർത്തിയാക്കി മൈക്രോസോഫ്റ്റിൽ 65 ലക്ഷം രൂപ വാർഷികശമ്പളത്തിൽ പ്രൊഡക്ട് മാനേജരായി ജോലിചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചാണ് ഐ.ഐ.ടി. സഹപാഠിയുമായിച്ചേർന്ന് ഒക്‌ലസ് എ.ഐ. തുടങ്ങിയത്. നിർമലിനെയും ആദിത്യശർമയെയും 20 ജീവനക്കാരെയും ഒപ്പം സഹകരിപ്പിക്കാമെന്ന് ഏറ്റെടുക്കുന്ന യു.എസ്. കമ്പനി അറിയിച്ചെങ്കിലും നിർമൽ ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത ദൗത്യവുമായി അമേരിക്കയിലേക്കു പറക്കാനാണ് തീരുമാനം.

Content Highlights: Super Manager AGI, an artificial intelligence startup co-founded by Malayali entrepreneur Nirmal Nambiar, is being acquired by a major US company for 50 crore rupees just 15 months after its launch.