ലിന്‍ഡ യാക്കരിനോ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റു; ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ മാറ്റം

ലിന്‍ഡ യാക്കരിനോ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റു. എന്‍ബിസി യൂണിവേഴ്‌സലിലെ മുന്‍ ഉദ്യോഗസ്ഥയായ ലിന്‍ഡ തന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ട്വിറ്ററില്‍ ചുമതലയേറ്റ വിവരം വ്യക്തമാക്കി. നേരത്തെ തന്നെ ലിന്‍ഡയുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്റിലുമായി ബന്ധിപ്പിച്ചിരുന്നു. ലിന്‍ഡയുടെ ട്വിറ്റര്‍ ഹാന്റിലില്‍ വെരിഫൈഡ് ചിഹ്നത്തോടൊപ്പം ഇപ്പോള്‍ ട്വിറ്റര്‍ ലോഗോയും കാണാം.
സിഇഒ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കമ്പനി ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് ലിന്‍ഡ ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാന്‍ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ കുറിച്ചു. ഇലോണ്‍ മസ്‌ക് തന്നെയാണ് ലിന്‍ഡയെ പുതിയ സിഇഒ ആയി നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്.
പ്രമുഖ മാധ്യമ ഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്‌സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ യാക്കരിനോ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇതിനുമുമ്പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ 19 വര്‍ഷം സേവനമനുഷ്ഠിച്ചു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ലിബറല്‍ ആര്‍ട്‌സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിന്‍ഡ, മാസങ്ങള്‍ക്ക് മുമ്പ് മയാമിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഇലോണ്‍ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. 2022-ല്‍ 'വുഷി റണ്‍സ് ഇറ്റ്' വുമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ബിസിനസ് വീക്കിന്റെ 'സി.ഇ.ഒ. ഓഫ് ടുമോറോ' പുരസ്‌കാരവും നേടി.
2022 ല്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ വരുമാന സ്രോതസുകളായിരുന്ന പരസ്യദാതാക്കള്‍ പലരും ട്വിറ്റര്‍ വിട്ടുപോയിരുന്നു. ഇത് കമ്പനിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കൂട്ടപ്പിരിച്ചുവിടലും ഉള്ളടക്കവുമായി ബന്ധപ്പെട്ട മസ്‌കിന്റെ തീരുമാനങ്ങളും ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനവുമെല്ലാം വിവാദത്തിലായി.
Content Highlights: linda yaccarino takes charge as twitter ceo