യുപിഐ സൗകര്യമുള്ള സൺഗ്ലാസ് അവതരിപ്പിച്ച് ലെൻസ്‌കാർട്ട്, കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താം

മുംബൈ: യുപിഐ വഴി പണമിടപാടു നടത്താൻ കഴിയുന്ന സൺഗ്ലാസ് അവതരിപ്പിച്ച് ലെൻസ്‌കാർട്ട്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് കമ്പനി പുതിയ സൺഗ്ലാസ് അവതരിപ്പിച്ചത്. പുതുതായി വരാനിരിക്കുന്ന ബി ക്യാമറ സ്മാർട്ട് ഗ്ലാസിലാകും യുപിഐ പേമെന്റ് സംവിധാനം ഉൾപ്പെടുത്തുക.
ഈ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് നേരിട്ട് തത്സമയം പണമിടപാട് നടത്താനാകും. ഇതിനായി ഫോണോ പിൻനമ്പറോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലെൻസ്‌കാർട്ട് ബി ക്യാമറ സ്മാർട്ട്ഗ്ലാസ് വിപണിയിലെത്തും. സൗകര്യപ്രദമായി ഉപയോഗിക്കാനാകുംവിധം പുതിയ ഡിസൈനാകും ഒരുക്കുക. ഇതിലെ യുപിഐ ഇന്റഗ്രേഷൻ സംവിധാനം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സുരക്ഷിതമായി ബന്ധിപ്പിക്കും. ഇതിൽ ഇടപാടിനുള്ള സ്ഥിരീകരണവും മറ്റും വോയിസ് കമാൻഡ് വഴിയാകും നിയന്ത്രിക്കുക. എൻപിസിഐയുടെ യുപിഐ സർക്കിൾ ഫീച്ചറാണ് സ്മാർട്ട് ഗ്ലാസിനെ ബാങ്ക്അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതെന്ന് ലെൻസ്‌കാർട്ട് സഹസ്ഥാപകനും സിഇഒയുമായ പീയൂഷ് ബൻസാൽ പറഞ്ഞു.
Content Highlights: Lenskart unveiled the B Camera smart glasses at the Global Fintech Fest, which integrate UPI payment functionality, allowing users to make secure, hands-free transactions by scanning a QR code