37,000 കോടി ഡോളറിന്റെ സമ്പത്ത്; 95 ശതമാനവും ദാനംചെയ്യാന്‍ ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമന്‍

ലാറി എല്ലിസൺ, ഒറാക്കിൾ ആസ്ഥാനം | Photo - AFP, Larry Ellison\X
ലാറി എല്ലിസൺ, ഒറാക്കിൾ ആസ്ഥാനം | Photo - AFP, Larry Ellison\X

ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമനാണ് ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടുപിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് 373 ബില്യണ്‍ (37,300 കോടി) ഡോളറാണ് എലിസന്റെ ആസ്തി. ഒറാക്കിളില്‍ അദ്ദേഹത്തിനുള്ള 41 ശതമാനം ഓഹരിയും ടെസ്‌ലയിലെ നിക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ അടിത്തറ.

ലോകമെമ്പാടും നിര്‍മിതബുദ്ധി (എഐ)യുടെ രംഗത്തുണ്ടായ കുതിച്ചുചാട്ടത്തിന്റെ ഫലമായി ഒറാക്കിളിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനവ് കാരണം അടുത്തിടെയായി അദ്ദേഹത്തിന്റെ സമ്പത്ത് അതിവേഗം വളര്‍ന്നു. ഒരുഘട്ടത്തില്‍ മസ്‌കിനെ മറികടന്ന് അദ്ദേഹം ലോകത്തെ അതിസമ്പന്നരില്‍ ഒന്നാംസ്ഥാനത്ത് എത്തുകപോലും ചെയ്തിരുന്നു. പിന്നീട് ഒന്നാംസ്ഥാനം മസ്‌ക് തിരിച്ചുപിടിക്കുകയായിരുന്നു.

ലോകത്തെ അതിസമ്പന്നരില്‍ രണ്ടാമനാണെങ്കിലും തന്റെ സമ്പത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് അദ്ദേഹം 2010-ല്‍തന്നെ വ്യക്തമാക്കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ് ലാറി എലിസണ്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലിസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (EIT) വഴിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അധികവും നടത്തുന്നത്. ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, എഐ ഗവേഷണം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടുന്നതിലാണ് അവര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

കാന്‍സര്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി അദ്ദേഹം സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് 200 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. വാര്‍ധക്യത്തെയും രോഗപ്രതിരോധത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എലിസണ്‍ മെഡിക്കല്‍ ഫൗണ്ടേഷന് ഏകദേശം 1 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു.

Content Highlights: Oracle co-founder Larry Ellison, the world`s second-richest person, has pledged to donate 95% of his wealth to charity through the Ellison Institute of Technology