ഇ-മാലിന്യസംസ്‌കരണം: കുറ്റിപ്പുറത്ത് പ്ലാന്റ് വരും, പ്രതിദിനം 100 ടൺ മാലിന്യം സംസ്‌കരിക്കും

കൊല്ലം: സംസ്ഥാനത്ത് ഇ-മാലിന്യങ്ങൾ സംസ്‌കരിക്കാൻ കുറ്റിപ്പുറത്ത് പുതിയ പ്ലാന്റ് വരുന്നു. കിൻഫ്ര പാർക്കിൽ നിർമിക്കുന്ന പ്ലാന്റിൽ പ്രതിദിനം നൂറ് ടൺ ഇ-മാലിന്യം സംസ്‌കരിക്കാൻ സംവിധാനമുണ്ടാകും. ഇ-മാലിന്യം വലിച്ചെറിയുന്നതുമൂലമുള്ള പാരിസ്ഥിതികപ്രശ്‌നങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ പ്ലാന്റ് സഹായകമാകും.
പ്ലാന്റിന് പത്തുകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിനടത്തിപ്പിന് ഇ-സ്‌ക്രാപ്പി റീസൈക്ലേഴ്സ് എന്ന സ്ഥാപനവുമായി ക്ലീൻ കേരള കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്. നിർമാണം തുടങ്ങി, ഒരു വർഷത്തിനകം സ്ഥാപനം പ്രവർത്തനസജ്ജമാക്കാനാണ് ആലോചന.
ടി.വി., വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർ കണ്ടീഷണറുകൾ, കംപ്യൂട്ടർ മോണിറ്റർ, തുടങ്ങി കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുന്നത് പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇവയിൽനിന്ന് ദോഷകരമായ മൂലകങ്ങൾ മണ്ണിലെത്തുന്നത് അപകടാവസ്ഥയുണ്ടാക്കിയിരുന്നു. ഇതിനു പരിഹാരംകാണാനാണ് ഹരിതകർമസേന, ഇ-മാലിന്യം ശേഖരിച്ചുതുടങ്ങിയത്. ഇ-മാലിന്യം നൽകുന്നവർക്ക് പണം ലഭിക്കുമെന്നതായിരുന്നു മറ്റൊരു പ്രത്യേകത.
ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ, പുനരുപയോഗസാധ്യതയുള്ളവയായും അല്ലാത്തവയായും തരംതിരിക്കും. ഇവ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കൈമാറും. ഉപയോഗശൂന്യമായവ ശാസ്ത്രീയമായി സംസ്‌കരിക്കും. ഹരിതകർമസേനയുടെ ഫണ്ടിൽനിന്നോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്നോ ഉള്ള തുകയാണ് മാലിന്യം നൽകുന്നവർക്ക് കൈമാറിയിരുന്നത്. മാലിന്യമെത്തിക്കുമ്പോൾ ക്ലീൻ കേരള കമ്പനി ഈ തുക തിരികെനൽകുകയായിരുന്നു പതിവ്.
Content Highlights: 100 tonnes daily e-waste processing capacity at Kinfra Park., 10 crore investment project aiming for 2026 operational launch., Partnership between Clean Kerala Company and E-Scrappy Recyclers., Mitigates soil and environmental toxicity from electronic components., Incentivized e-waste collection model via Haritha Karma Sena.