നാളത്തെ യുദ്ധങ്ങൾ നിയന്ത്രിക്കുക എഐ; ഇന്ത്യയ്ക്ക് സ്വന്തം എഐ വേണം -പ്രശാന്ത് ബാലകൃഷ്ണൻ നായർ

കൊച്ചി: സ്വന്തമായി എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാതെ കേവലം സൈബർസുരക്ഷ കൊണ്ടുമാത്രം ഭാവിയിലെ വെല്ലുവിളികളെ നേരിടാനാകില്ലെന്ന് ഗഗൻയാൻ മിഷൻ കമാൻഡർ എയർ െകാമഡോർ പ്രശാന്ത് ബാലകൃഷ്ണൻനായർ. നാളത്തെ യുദ്ധങ്ങളും വ്യവസായങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് എ.ഐ. ആയിരിക്കും. ഡിജിറ്റൽ അതിർത്തികളും ഭൗതിക അതിർത്തികളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്ന കാലഘട്ടത്തിൽ വെല്ലുവിളികൾ ഓരോ പൗരനെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ് 9 ഇൻഫോടെക് കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച രണ്ടാമത് ’കേരള സൈബർസുരക്ഷാ സമ്മിറ്റിൽ’ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ലോകത്തിലെ ഭൂരിഭാഗം സോഫ്റ്റ‌്‌വേർ ശൃംഖലകളും നയിക്കുന്നത് ഇന്ത്യക്കാരാണ്. ഈ കരുത്തിൽ വിശ്വസിച്ച് മുന്നോട്ടുപോകണം. സാങ്കേതികവിദ്യയെ ഭയപ്പെടാതെ, അവബോധത്തോടെയും ഐക്യത്തോടെയും നേരിട്ട് സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാൻ രാജ്യം സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.യുടെ വരവോടെ സൈബർസുരക്ഷ എന്നത് ഏതൊരു സ്ഥാപനത്തിന്റെയും വ്യക്തിയുടെയും അത്യാവശ്യമായി മാറിയതായി മുൻ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ ലഫ്. എം.യു. നായർ, േഡറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സി.ഇ.ഒ. വിനായക് ഗോഡ്‌സെ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
ഡീപ് ഫേക്ക് പോലുള്ള സാങ്കേതികവിദ്യകൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ മാത്രമല്ല, സാധാരണ വ്യക്തികളെയും ബാധിക്കുന്നു. വീട്ടിലെ സ്മാർട്ട് ടി.വി., സി.സി.ടി.വി. ക്യാമറകൾ, സ്മാർട്ട് ഫോണുകൾ എന്നിവയിലെല്ലാം സൈബർസുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ വ്യവസായ മേഖലകൾ സൈബർ ആക്രമണങ്ങളെ നേരിടാൻ സജ്ജമാണ്. ഇന്ത്യയുടെ യു.പി.ഐ. പെയ്‌മന്റ് സംവിധാനം അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ പോലും തടസ്സമില്ലാതെ പ്രവർത്തിച്ചത് രാജ്യത്തിന്റെ ഡിജിറ്റൽ പ്രതിരോധത്തിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
Content Highlights: Gaganyaan Mission Commander Prashanth Balakrishnan Nair emphasized the critical need for India to develop its own AI technology to counter future cyber threats, while experts at the Kerala Cyber Security Summit highlighted the growing risks of deepfakes and smart device vulnerabilities.