ഫ്ലാറ്റും കാറും സ്വർണവും വാഗ്ദാനം; ചൂതാട്ട ആപ്പുകൾ പ്രചരിപ്പിച്ച വ്ലോഗർമാർക്ക് പൂട്ടിട്ട് പോലീസ്

#എം.മഹേഷ് കുമാർ
Photo: Reuters
Photo: Reuters

കൊല്ലം: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾക്കും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കും പൂട്ടിട്ട് കേരള പോലീസ്. നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് പ്രമുഖ വ്ലോഗർമാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേരള പോലീസ് സൈബർ ക്രൈം ടീം ഇടപെട്ട് പൂട്ടിച്ചു. വ്യാഴാഴ്ചമുതൽ പ്രവർത്തനരഹിതമായി. ഇവർക്ക് ഇനി നിയമനടപടികൾ നേരിടേണ്ടിവരും.

സാധാരണ മൊബൈൽ ഗെയിം എന്നരീതിയിൽ തെറ്റിദ്ധരിപ്പിച്ച് ചൂതാട്ട ആപ്പുകളാണ് യുട്യൂബർമാർ അടക്കമുള്ള ചില ഇൻഫ്ലുവൻസർമാർ സാമൂഹിക മാധ്യമങ്ങളിൽ പ്രമോഷൻ വീഡിയോകൾ ചെയ്തിരുന്നത്. ഗെയിം കളിച്ച് ഫ്ലാറ്റ്, സ്വർണം, കാർ തുടങ്ങിയ ആഡംബര സൗകര്യങ്ങൾ സ്വന്തമാക്കിയതായി ഇവർ പ്രചരിപ്പിച്ചിരുന്നു. പെട്ടെന്ന് പണം സമ്പാദിപ്പിക്കാമെന്ന ആഗ്രഹത്തിൽവന്ന വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾക്ക് വാതുവെപ്പ് ആപ്പ് വഴി പണം നഷ്ടപ്പെട്ടിരുന്നു.

സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകൻ ജിയസ് ജമാൽ ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിനൽകി. ഇതേത്തുടർന്ന് ഇത്തരം ഉള്ളടക്കം നീക്കംചെയ്യാൻ സാമൂഹിക മാധ്യമ കമ്പനികൾക്ക് നോട്ടീസയയ്ക്കുകയും പ്രമോട്ട് ചെയ്യുന്നവരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. മെറ്റയുടെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇൻസ്റ്റ അക്കൗണ്ടുകൾ പൂട്ടിയത്. സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് നടപടി.

ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ മറ്റ് സംസ്ഥാനങ്ങൾ കർശന നടപടികളാണ് സ്വീകരിക്കുന്നത്. തമിഴ്നാട്ടിൽ മൊബൈൽ ഗെയിം എന്നപേരിൽ വന്ന ചൂതാട്ട ആപ്പിൽ കളിച്ച് പണം നഷ്ടപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇത് പ്രചരിപ്പിച്ച വനിതാ ഇൻഫ്ലുവൻസറുടെപേരിൽ തമിഴ്നാട് സർക്കാർ കേസെടുത്തിരുന്നു.

Content Highlights: Kerala Police cracks down on illegal betting apps promoted on social media