കൊച്ചിയില്‍ പിറന്ന കുഞ്ഞന്‍ ചിപ്പ് നിസ്സാരനല്ല; മൊബൈല്‍ കമ്യൂണിക്കേഷനില്‍ വിപ്ലവം സൃഷ്ടിക്കും

കൊച്ചി: ദുര്‍ബലമായ മൊബൈല്‍ ടവര്‍ സിഗ്‌നലുകള്‍ ശക്തിപ്പെടുത്താന്‍ ശേഷിയുള്ള കേരളത്തിന്റെ സ്വന്തം 5 ജി ചിപ്പ് വിപണിയിലേക്ക്. കൊച്ചിയില്‍ പിറന്ന 3.4 x 1.4 മില്ലിമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ കുഞ്ഞന്‍ ചിപ്പ് നിസ്സാരനല്ല. 5ജി ലോ നോയിസ് ആംപ്ലിഫയര്‍ (എല്‍എന്‍എ)എന്നു വിളിക്കുന്ന ചിപ്പ് മൊബൈല്‍ ടവറുകളിലാണ് ഘടിപ്പിക്കുന്നത്. കുറഞ്ഞ നെറ്റ്വര്‍ക്കുള്ള പ്രദേശങ്ങളില്‍ വലിയ സഹായമാകും. ശബ്ദം ചിതറിപ്പോകാതെ ആശയവിനിമയം നടക്കും. സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ആശയവിനിമയത്തില്‍ മാത്രമല്ല വയര്‍ലെസ്സിലും പ്രയോജനം ചെയ്യും.
കഴിഞ്ഞദിവസം ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിപ്പ് പുറത്തിറക്കി. ഇന്ത്യയുടെ സെമികണ്ടക്ടര്‍ രംഗത്ത് നാഴികക്കല്ലാകാവുന്ന ചിപ്പിന്റെ നിര്‍മാതാക്കള്‍ സിലീസിയം സര്‍ക്യൂട്ട്‌സ് കമ്പനിയാണ്. കാക്കനാട് രാജഗിരി എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായ കാഞ്ഞങ്ങാട് സ്വദേശി റിജിന്‍ ജോണും കണ്ണൂര്‍ സ്വദേശി ഡോ. അരുണ്‍ അശോകുമാണ് കമ്പനിയുടെ സ്ഥാപകര്‍.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഹൈദരാബാദ് ഐഐടിയുടെയും സഹകരണത്തോടെ കളമശ്ശേരി മേക്കര്‍വില്ലേജിലും കാക്കനാട് ഇന്‍കുബേഷന്‍ സെന്ററിലുമായിട്ടായിരുന്നു ചിപ്പിന്റെ പ്രാരംഭപ്രവര്‍ത്തനം. ഗവേഷണത്തിന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഗാസ് എന്നറിയപ്പെടുന്ന ഗാലിയം ആര്‍സനിഡ് ഉപയോഗിച്ച് നിര്‍മിക്കുന്ന ചിപ്പിന്റെ ഉത്പാദനം ഫ്രാന്‍സിലാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാനാകും. ''കോവിഡ് കാലത്താണ് കമ്പനി തുടങ്ങിയത്. വീടുകളിലിരുന്നാണ് ആദ്യം ജോലി ചെയ്തത്. ടീം വര്‍ക്ക് വിജയിച്ചതില്‍ സന്തോഷമുണ്ട്'' -കമ്പനി സിഇഒ റിജിന്‍ ജോണ്‍ പറഞ്ഞ
Content Highlights: Kerala unveils a revolutionary 5G chip to enhance weak mobile tower signals