മോഷണവും അപകടവുമുണ്ടായാൽ പോലീസിനു വിവരമെത്തും; ഇനി സ്മാർട്ട് സംവിധാനം

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | മാതൃഭൂമി ആര്‍ക്കൈവ്‌സ്
പ്രതീകാത്മകചിത്രം | മാതൃഭൂമി ആര്‍ക്കൈവ്‌സ്

ആലപ്പുഴ: വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി പോലീസും കെൽട്രോണും ചേർന്ന് സ്മാർട്ട് സംവിധാനമൊരുക്കുന്നു. മോഷണമോ അപകടമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ ഓട്ടമാറ്റിക്കായി പോലീസിനു വിവരം ലഭിക്കും. ഇതുവഴി ഉടൻ നടപടിയെടുക്കാൻ സാധിക്കും.

സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്നാണ് സംവിധാനത്തിന്റെ പേര്. വീടുകൾ, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ നിലവിലുള്ള സുരക്ഷാസംവിധാനം പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റവുമായി (ഇ.ആർ.എസ്.എസ്.-112) ബന്ധിപ്പിച്ചാണിതു പ്രവർത്തിക്കുന്നത്.

സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ മോഷൻ, ഗ്ലാസ് ബ്രേക്ക്, ഫയർ, ഗ്യാസ് ലീക്ക് തുടങ്ങിയ അസാധാരണ സംഭവങ്ങൾ കണ്ടെത്തുമ്പോൾ ഉടൻ അലാറം പ്രവർത്തിക്കുകയും വിവരം സി.ഐ.എം.എസ്. കൺട്രോൾ റൂമിലേക്കു പോകുകയും ചെയ്യും. പോലീസ് 112 കൺട്രോൾ റൂം ലൈവ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ ഉടൻതന്നെ സ്ഥാപനങ്ങളുടെ സമീപത്തുള്ള പോലീസ് പട്രോൾ വാഹനത്തിലേക്കും സമീപ സ്റ്റേഷനിലേക്കും കൈമാറും. ഇതുവഴി അടിയന്തര സുരക്ഷാനടപടികൾ സ്വീകരിക്കാനാകും.

24 മണിക്കൂർ പോലീസ് നിരീക്ഷണം, മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയൽ, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ, സ്മാർട്ട് ടെക്‌നോളജി ഉപയോഗിച്ച് പോലീസ് സേവനം മെച്ചപ്പെടുത്തൽ എന്നിവയാണ് സി.ഐ.എം.എസ്. വഴി ലക്ഷ്യമിടുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇൻസ്റ്റലേഷൻ ചാർജും മാസവരിയുംഉണ്ടാകും

ബാങ്കുകൾ, എ.ടി.എം., സ്വർണക്കടകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ ഫ്‌ലാറ്റുകൾ എന്നിവയ്ക്ക് ഇതു പ്രയോജനപ്പെടുത്താം. ഈ സംവിധാനം നടപ്പാക്കുന്നതിന് സർക്കാർ കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള ഇൻസ്റ്റലേഷൻ ചാർജിനോടൊപ്പം മാസവരി അടച്ച് സേവനം ഉപയോഗിക്കാം. സ്ഥാപനത്തിന്റെ വലുപ്പവും ആവശ്യമായ ഉപകരണങ്ങളും അനുസരിച്ച് ചെലവ് വ്യത്യാസപ്പെടും.

Content Highlights: Integration of private security systems with Kerala Police ERSS-112., Real-time monitoring of motion, fire, and gas leaks via CIMS., Immediate dispatch of patrol units based on live CCTV verification., Available for homes, banks, and commercial establishments in 2026.