എ.ഐ. രംഗത്തിന് ശക്തി പകരാന്‍ 'ജിയോ ബ്രെയിന്‍', പുതിയ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം

ജിയോ ബ്രെയിന്‍ എന്ന പേരില്‍ പുതിയ എഐ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് റിലയന്‍സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47-ാം വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടിയുള്ള ടൂളുകളും പ്ലാറ്റ്‌ഫോമുകളും അടങ്ങുന്ന പുതിയ സേവനമാണ് ജിയോ ബ്രെയിന്‍. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് ജിഗാവാട്ട് തലത്തിലുള്ള എഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
പൂര്‍ണ്ണമായും റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കുമിത്. സുസ്ഥിര വികസനത്തോടും ഹരിത ഭാവിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ പദ്ധതിയെന്നും മുകേഷ് അംബാനി അറിയിച്ചു.
രാജ്യത്തുടനീളം എഐ ഇന്‍ഫറന്‍സ് ഫെസിലിറ്റികള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വര്‍ധിച്ചുവരുന്ന എഐ അധിഷ്ഠിത ആവശ്യങ്ങള്‍ക്ക് പിന്തുണനല്‍കുന്നതിന് വേണ്ടിയാണിത്. നിര്‍മിതബുദ്ധിയെ ജനാധിപത്യ വത്കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍. മുന്‍നിര ആഗോള കമ്പനികളുമായി ചേര്‍ന്ന് കുറഞ്ഞ ചിലവില്‍ എഐ ആപ്ലിക്കേഷനുകള്‍ ഒരുക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. 'എഐ എവരിവേര്‍ ഫോര്‍ എവരിവണ്‍' എന്നതാണ് ജിയോ ബ്രെയിനിന്റെ ദൗത്യം.
ലോകത്തിലെ ഏറ്റവും കുറഞ്ഞ എഐ അനുമാന ചെലവ് ഇവിടെ ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഇന്ത്യയിലെ എഐ ആപ്ലിക്കേഷനുകള്‍ മറ്റെവിടെയെക്കാളും ചെലവ് കുറഞ്ഞതാക്കി മാറ്റും, എഐ എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയും,' അംബാനി വിശദീകരിച്ചു
കണക്റ്റഡ് ഇന്റലിജന്‍സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.
അതേസമയം, ഒറ്റ കമ്പനിയെന്ന നിലയില്‍ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഖജനാവിന് നല്‍കിയ നികുതി 5.5 ലക്ഷം കോടി രൂപയാണ്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം നല്‍കിയത് 1,86,440 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് നടത്തിയെന്നും മുകേഷ് അംബാനി പറഞ്ഞു.
രാജ്യത്ത് 1.7 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചുവെന്നും നിലവില്‍ റിലയന്‍സിസല്‍ 6.5 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഡാറ്റാ വിപണിയാണ് ഇന്ത്യയെന്നും, ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ എട്ട് ശതമാനം സംഭാവന ചെയ്യുന്നത് ജിയോ ആണെന്നും മുകേഷ് അംബാനി പറഞ്ഞു. എട്ട് വര്‍ഷത്തിനുള്ളിലാണ് ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റാ കമ്പനിയായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹോം സര്‍വീസസ് സേവന ദാതാവും ജിയോയാണ്. എത്തുന്നത് 3 കോടി കുടുംബ ഉപഭോക്താക്കളിലേക്കാണ് ഡിജിറ്റല്‍ ഹോം സേവനങ്ങള്‍ എത്തുന്നത്.
ഓരോ 30 ദിവസത്തിലും ഒരു മില്യണ്‍ പുതിയ കുടുംബങ്ങളിലേക്ക് ജിയോഎയര്‍ഫൈബര്‍ എത്തുമെന്ന് മുകേഷ് അംബാനി അറിയിച്ചു. അതിവേഗത്തില്‍ 100 മില്യണ്‍ ഉപഭോക്താക്കളിലേക്ക് ജിയോഎയര്‍ഫൈബര്‍ എത്തും. റിലയന്‍സിന്റെ റീട്ടെയ്ല്‍ ബിസിനസ് അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് ഇഷ അംബാനി പറഞ്ഞു. ഡീപ് ടെക് ട്രാന്‍സ്‌ഫോര്‍മേഷന്‍ റിലയന്‍സിനെ ലോകത്തിലെ ടോപ് 30 കമ്പനികളിലെത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
Content Highlights: jio brain announced mukesh ambani reliance annual general meeting