ഭിത്തിയില്‍ ഘടിപ്പിക്കാവുന്ന ജിം; സ്ഥലം അധികംവേണ്ട; യുവാക്കള്‍ക്ക് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

പ്രതീകാത്മക ചിത്രം/ ഫോട്ടോ: Instagram/ @aroleap
പ്രതീകാത്മക ചിത്രം/ ഫോട്ടോ: Instagram/ @aroleap

ശരീരം ഫിറ്റാക്കിവെക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും പലപ്പോഴും ജിമ്മില്‍ പോയി കൃത്യമായി വര്‍ക്ക് ഔട്ട് പിന്തുടരാന്‍ പറ്റിയെന്നു വരില്ല. വീട്ടില്‍ തന്നെ വര്‍ക്ക് ഔട്ട് ചെയ്യാമെന്നു കരുതിയാല്‍ സ്ഥലപരിമിതി ഒരു വില്ലനായേക്കാം. 

ഇതേ പ്രശ്‌നം ദൈനംദിന ജീവിത്തതില്‍ നേരിട്ട നാല് ഐ.ഐ.ടി ബിരുദധാരികളുടെ തലയില്‍ ഉദിച്ച ബുദ്ധിയാണ് വീടിന്റെ ഭിത്തിയില്‍ ഘടിപ്പിച്ച് സജ്ജീകരിക്കാന്‍ പറ്റുന്ന കോംപാക്ട് ജിമ്മിന്റെ പിറവിയ്ക്കുപിന്നില്‍.

2022-ൽ നാലു ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ചേര്‍ന്ന്  ആരംഭിച്ച ആരോ ലീപ് എക്‌സ് എന്ന ഹോം ജിമിന് അഭിനന്ദനവുമായി മഹീന്ദ്ര അന്റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എക്‌സ് പോസ്റ്റ് പങ്കുവെച്ചതോടെ  ഇന്നോവേറ്റീവ് സംരംഭം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

സ്ഥലം ഒരു പ്രശ്‌നമല്ലെന്നുള്ളതാണ് ഈ കോംപക്ട് ജിമ്മിന്റെ ഏറ്റവും വലിയ സവിശേഷത. നഗരങ്ങളില്‍ അപാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്നവര്‍ക്ക് വര്‍ക്കൗട്ട് ചെയ്യാനാകുന്നില്ല എന്ന പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയതിനെ അഭിനന്ദിച്ചാണ് ആനന്ദ് പോസ്റ്റ് പങ്കുവെച്ചത്. 'ദ ബെറ്റര്‍ ഇന്ത്യയുടെ' വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദിന്റെ പോസ്റ്റ്. 150 എക്‌സര്‍സൈസുകള്‍ ഈ കോപാക്ട് ജിമ്മിലൂടെ സാധ്യമാകും. ഇതിനു പുറമേ വര്‍ക്ക് ഔട്ട് ചെയ്യുന്നയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനവും ഈ ഹോം ജിമ്മിലുണ്ട്.

ഐ.ഐ.ടി ഡല്‍ഹിയില്‍നിന്നുള്ള എഞ്ചിനിയറിങ് ബിരുദധാരികളായ നാലു  ചെറുപ്പക്കാരാണ് ഈ ആശയത്തിന്‌ പിന്നില്‍. അമാന്‍ റായി, അനുരാഗ് ദാനി, രോഹിത് പട്ടേല്‍, അമല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് 2022-ലാണ് ഹോം കോപാക്ട് ജിം സജ്ജമാക്കിയത്. 25 ലക്ഷം രൂപ മുടക്കിയാണ് ജിമ്മിനായുള്ള പ്രോട്ടോടൈപ്പുകള്‍ പരീക്ഷിച്ചത്. വീടുകള്‍ക്കു പുറമേ കോവര്‍ക്കിങ് സ്‌പേസുകളിലും ഹോട്ടലുകളിലുമുള്‍പ്പടെ ഉപയോഗിക്കാന്‍ കഴിയും.

Content Highlights: IIT Delhi alumni created a compact home gym, `AeroLeap X