'ഞങ്ങളുടെ ഫോൺ മൂന്നായി മടക്കാം'; ആപ്പിളിനെ പരിഹസിച്ച് സാംസങ്; നീക്കത്തിന് പിന്നിലെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
1. സാംസങ് ഗാലക്‌സി Z ട്രൈഫോള്‍ഡ് 2. ഐഫോണ്‍ ഡ്യുവോ | Photo - Getty, Samsung
1. സാംസങ് ഗാലക്‌സി Z ട്രൈഫോള്‍ഡ് 2. ഐഫോണ്‍ ഡ്യുവോ | Photo - Getty, Samsung

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ യാഥാർഥ്യമായിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റിലാണ് ഐഫോൺ ഡ്യൂവോ എന്ന ഫോൾബബിൾ ആപ്പിൾ പുറത്തിറക്കിയത്. ഏകദേശം പത്ത് വർഷമെടുത്താണ് ആദ്യ ഫോൾഡബിൾ ഐഫോൺ ആപ്പിൾ വികസിപ്പിച്ചത്. അതിനിടെ സാംസങ് അടക്കമുള്ള നിർമാതാക്കൾ ഫോൾഡബിൾ ഫോണിറക്കി ഉപയോക്താക്കളെ ഞെട്ടിച്ചു.

ആപ്പിളിന്റെ പുതിയ ഐഫോണുകൾ ലോകമെങ്ങും ചർച്ചയായിട്ടുണ്ടെങ്കിലും വൈകിയെത്തിയ ഫോൾഡബിളിനെ പരിഹസിക്കാൻ കിട്ടിയ അവസരം എതിരാളിയായ സാംസങ് പാഴാക്കിയില്ല. സാംസങ്ങിന്റെ യു.എസ് സോഷ്യൽ മീഡിയ ടീം ഫോൾഡബിൾ ലോഞ്ചിനെ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ പങ്കുവെച്ചു.

ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടേത് മൂന്നായി മടക്കാവുന്ന ഫോണാണ് എന്നതരത്തിൽ ട്രൈഫോൾഡ് ഫോണുകളെ (ഇന്ത്യയിൽ ലഭ്യമല്ല) പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സാംസങ് പരിഹസിച്ചു. സ്മാർട്ട്‌ഫോൺ വിപണിയിൽ അതിനകം നിലവിലുള്ള കാര്യങ്ങൾ ആപ്പിൾ അതേപടി തുടരുന്നുവെന്ന പരിഹാസവുമുണ്ട്.

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് 2019-ലാണ് തങ്ങളുടെ ആദ്യത്തെ ഗാലക്‌സി ഫോൾഡ് പുറത്തിറക്കിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സാംസങ്, ഗൂഗിൾ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകൾ ഫോൾഡബിൾ ഫോണുകളുടെ ഒന്നിലധികം തലമുറകൾ പുറത്തിറക്കിക്കഴിഞ്ഞു. കൂടാതെ ഡിസ്‌പ്ലേയിലെ ചുളിവുകൾ, പെട്ടെന്ന് കേടാകുന്ന ഹിഞ്ചുകൾ തുടങ്ങിയ ഡിസൈൻ പ്രശ്‌നങ്ങൾ ഇതിനിടയിൽ പരിഹരിക്കാനും അവർക്ക് കഴിഞ്ഞു. ഫോൾഡബിൾ ഫോണുകളുടെ ഭാരം കുറയ്ക്കുന്ന കാര്യത്തിലും അവർ മുന്നേറിയിട്ടുണ്ട്.

എന്നാൽ പുതിയ ഫോൾഡബിൾ ഫോൺ എതിരാളികളെക്കാൾ മികച്ച ഉപയോക്തൃ അനുഭവം നൽകുമെന്ന് ആപ്പിൾ വിശ്വസിക്കുന്നു. ഫോൾഡബിൾ ഐഫോണിന്റെ ഡിസൈനും ഡാറ്റാ പ്രൈവസി വാഗ്ദാനങ്ങളും അതിനെ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

ഐഫോൺ ഡ്യുവോയുടേയും ഗാലക്‌സി സഡ് ഫോൾഡ് 8-ന്റെയും വില

ഗാലക്‌സി സഡ് ഫോൾഡ് 8-ന്റെ 12GB/256GB മോഡലിന് 1,79,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്, 16GB/1TB പതിപ്പിന് 2,39,999 രൂപ വരെയാകും. അതേസമയം ഇന്ത്യയിൽ ഐഫോൺ ഡ്യുവോയുടെ വില ഏകദേശം 3 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതായത് സാംസങ്ങിന്റെ ഏറ്റവും വിലകൂടിയ ഫോൾഡ് 8 മോഡലിനേക്കാൾ ഏകദേശം 60,000 രൂപ കൂടുതലാണ് ഡ്യുവോയുടെ പ്രാരംഭ വില. വാസ്തവത്തിൽ, സാംസങ്ങിന്റെ ഏറ്റവും പ്രീമിയം മോഡലായ ഫോൾഡ് 8 അൾട്രായുടെ വിലയായ 2,59,999 രൂപയേക്കാളും കൂടുതലാണ് ഡ്യുവോയുടെ പ്രാരംഭ വില.

Content Highlights: Apple enters the foldable market with the iPhone Duo, featuring a 7.6-inch display and A20 Pro chip., Samsung counters with the lighter, more affordable Galaxy Z Fold 8 powered by Snapdragon 8 Elite Gen 5., iPhone Duo starts at an expensive Rs 3 lakh in India, making it significantly pricier than the Galaxy Z Fold 8., Both devices feature 7.6-inch inner screens but differ radically in aspect ratios, camera integration, and design builds.