ഐഫോണ്‍ 17 സീരീസിന് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ്, പക്ഷെ ആപ്പിളിന് ചെറിയ തിരിച്ചടി

ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസൈനിലും നിര്‍മിതിയിലും പതിവില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് പുതിയ ഐഫോണ്‍ സീരീസ് അവതരിപ്പിച്ചത്. പതിവ് പോലെ ആദ്യ ഐഫോണ്‍ സ്വന്തമാക്കാന്‍ പുതിയ ഉപഭോക്താക്കളും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ നിലവിലുള്ള ഉപഭോക്താക്കളും എത്തുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച പുതിയ മോഡല്‍ ഐഫോണ്‍ എയറിനോട് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാക്ക് റൂമേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ ഫോണുകള്‍ക്ക് നല്ല കച്ചവടം നടക്കുന്നുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്റ്റ് മെന്റ് ബാങ്ക് റിസര്‍ച്ച് നോട്ട് ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഐഫോണ്‍ 17 മോഡലുകളുടെ ആവശ്യക്കാര്‍ ഇനിയും വര്‍ധിക്കുമെന്ന് റിസര്‍ച്ച് നോട്ട് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചേക്കും.
ഐഫോണ്‍ എയറിന്റെ വിപണിയിലെ പ്രകടനം മോശമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കനം കുറഞ്ഞ ഫോണ്‍ എന്ന ആശയത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ മതിയായ സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.