രാത്രി മുഴുവന്‍ ക്യൂവില്‍, ഇന്ത്യയിലും ഐഫോണ്‍ 17 സീരീസ് സ്വന്തമാക്കാന്‍ വന്‍തിരക്ക്| Video

1. ഐഫോണ്‍ 17 സീരീസ് ഫോണുകള്‍. 2. ഐഫോണ്‍ 17 സീരീസ് വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍. മുംബൈയില്‍നിന്നുള്ള ദൃശ്യം | Photo - AFP, screengrab
1. ഐഫോണ്‍ 17 സീരീസ് ഫോണുകള്‍. 2. ഐഫോണ്‍ 17 സീരീസ് വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍. മുംബൈയില്‍നിന്നുള്ള ദൃശ്യം | Photo - AFP, screengrab

ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ സ്വന്തമാക്കാന്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ജനം. ഡല്‍ഹിയിലും മുംബൈയിലുമടക്കം ക്യൂ നില്‍ക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോര്‍, ഡല്‍ഹിയില്‍ ആപ്പിളിന്റെ സാകേത് സ്‌റ്റോര്‍ എന്നിവയ്ക്ക് മുന്നില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സികളടക്കം പുറത്തുവിട്ടിട്ടുള്ളത്. സിംഗപ്പുര്‍ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുംബൈയിലെ സ്റ്റോര്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പുതന്നെ വലിയ ജനക്കൂട്ടം സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഉപകരണങ്ങള്‍ ആദ്യം വാങ്ങുന്നവരില്‍ ഒരാളാകാന്‍ വേണ്ടിയാണ് ആപ്പിള്‍ ആരാധകര്‍ രാത്രി മുതല്‍തന്നെ വരിനിന്നത്. ആറുമാസമായി ഈ ഫോണിനായി കാത്തിരിക്കുകയാണെന്നും പുലര്‍ച്ചെ മൂന്ന് മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും ചിലര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഐഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങാന്‍ രാത്രി എട്ട് മുതല്‍ കാത്തിരിക്കുകയാണെന്നും ഇത്തവണ ക്യാമറയിലും ബാറ്ററിയിലും രൂപത്തിലും വന്ന മാറ്റങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും മറ്റുചിലര്‍ വിശദീകരിച്ചു.

അടുത്തിടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 17 സീരീസിന് 82,900 മുതല്‍ 2,29,900 വരെയാണ് വില. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കും നേരിട്ട് വാങ്ങാനെത്തുന്നവര്‍ക്കുമായി ഇന്ന് (സെപ്റ്റംബര്‍ 19) മുതലാണ് ഇവ സ്‌റ്റോറുകളില്‍ എത്തിയത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിളിന്റെ റീട്ടെയില്‍ പങ്കാളികളും വിതരണക്കാരും ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ദീര്‍ഘകാല ഇഎംഐ സ്‌കീമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഐഫോണ്‍ മോഡലുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആക്‌സസറികളിലും വെയറബിളുകളിലും വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഇന്‍ഗ്രാം മൈക്രോയടക്കം ഐഫോണ്‍ 17 സീരീസ് ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Apple enthusiasts lined up in Mumbai & Delhi for the iPhone 17 launch