ISS-ന് തിരക്കേറിയ സീസണ്‍; എത്തുന്നത് ആറോളം പേടകങ്ങള്‍, ചിത്രത്തിലില്ലാതെ ബോയിങ് സ്റ്റാര്‍ലൈനര്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലൂടെ. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെട്ട എഎക്‌സ്-4 ദൗത്യം അടുത്തിടെയാണ് നിലയത്തില്‍നിന്ന് മടങ്ങിയത്. മെയ് അവസാനത്തോടെ സ്‌പേസ്എക്‌സിന്റെ കാര്‍ഗോ ഡ്രാഗണ്‍ അതിന്റെ ഏറ്റവും പുതിയ വിതരണ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ റഷ്യയുടെ പ്രോഗ്രസ് 92 ചരക്ക് പേടകം ജൂലായ് 5-ന് ഡോക്ക് ചെയ്തു. നിലവില്‍ സ്‌പേസ്എക്‌സ് ഡ്രാഗണ്‍, സോയൂസ് MS-27, രണ്ട് പ്രോഗ്രസ് റീസപ്ലൈ കപ്പലുകള്‍ എന്നിവയുള്‍പ്പെടെ നാല് ബഹിരാകാശ പേടകങ്ങള്‍ ISS-ല്‍ ഡോക്ക് ചെയ്തിട്ടുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. നിലയത്തില്‍ ഉള്ളവരുടെ ഊഴമനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ സ്ഥിരമായ വിതരണത്തെ പിന്തുണയ്ക്കുന്നതിനുമാണിത്. ഈ വര്‍ഷം അവസാനത്തോടെ സഞ്ചാരികള്‍, ഗവേഷണ സാമഗ്രികള്‍ തുടങ്ങിയവയുമായി ആറോളം വാഹനങ്ങള്‍ കൂടിയാണ് സ്റ്റേഷനിലേക്ക് വിക്ഷേപിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഈ തിരക്ക് തുടരുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്. 2000-ല്‍ സ്ഥാപിതമായതിന് ശേഷം നാസ, റോസ്‌കോസ്‌മോസ്, സ്‌പേസ്എക്‌സ്, മറ്റ് പങ്കാളികള്‍ എന്നിവരുടെ ഈ വ്യാപകമായ പങ്കാളിത്തം ISS-ന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒരു പ്രവര്‍ത്തന കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നുത്. 2025-ല്‍ നിലയത്തില്‍ എത്താനിരിക്കുന്ന വാഹനങ്ങളുടെ നിരയില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായകാര്യം. 2024 ജൂണില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബച്ച് വില്‍മോറിനെയും ബഹിരാകാശ നിലയത്തില്‍ എത്തിച്ച ഇത്തരത്തിലുള്ള ആദ്യ ദൗത്യത്തിനു ശേഷം സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്റര്‍ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
ഇതേത്തുടര്‍ന്ന് സുനിത വില്യംസിനും വില്‍മോറിനും അവര്‍ ആസൂത്രണം ചെയ്ത ഒരാഴ്ചത്തെ താമസത്തിനപ്പുറം ദീര്‍ഘകാലം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടിവന്നു. ഒടുവില്‍ സ്‌പേസ്എക്‌സിന്റെ ക്രൂ-9 സംഘത്തിനൊപ്പം ചേര്‍ന്ന അവര്‍ ഈ വര്‍ഷം ആദ്യം ക്രൂ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് ഭൂമിയിലേക്ക് മടങ്ങിയത്. ആളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചെത്തിയത് ആശങ്കകള്‍ക്ക് അടിവരയിട്ടു.
2025 അവസാനത്തോടെ വീണ്ടും വിക്ഷേപണം നടത്താനാണ് നാസയും ബോയിംഗും ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പുതിയ സമയക്രമമനുസരിച്ച് അടുത്ത സ്റ്റാര്‍ലൈനര്‍ ദൗത്യം 2026-ല്‍ മാത്രമേ ഉണ്ടാകൂ. എഞ്ചിനീയര്‍മാര്‍ നിലവില്‍ ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാന്‍ഡ്‌സ് ടെസ്റ്റ് ഫെസിലിറ്റിയില്‍ അതിന്റെ വിപുലമായ പരിശോധനകളും വിലയിരുത്തലുകളും നടത്തിവരികയാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Content Highlights: Technical issues push back Boeing`s Starliner return to space. ISS remains busy with other spacecraf