എ.ഐ. സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകും- മുഖ്യമന്ത്രി

പിണറായി വിജയന്‍| ഫയല്‍ ഫോട്ടോ: പി.ടി.ഐ
പിണറായി വിജയന്‍| ഫയല്‍ ഫോട്ടോ: പി.ടി.ഐ

കൊച്ചി: കേരളത്തെ എ.ഐ. ഹബ്ബാക്കാന്‍ ലക്ഷ്യമിടുന്ന രാജ്യാന്തര ജെനറേറ്റീവ് എ.ഐ. കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കമായി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ഐ.ബി.എമ്മുമായി ചേര്‍ന്നാണ് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി., പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എ.ഐ.യെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്ന് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസായ നയത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ജെന്‍ എ.ഐ. കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി റോബോട്ടിക്‌സിനെക്കുറിച്ചുള്ള ഒരു സമ്മേളനവും സംഘടിപ്പിക്കും. സമീപഭാവിയില്‍ എ.ഐ. അടിസ്ഥാനമാക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ അധ്യാപകര്‍ക്കും എ.ഐ.യില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ജനറേറ്റീവ് എ.ഐ. സര്‍ക്കാര്‍ സേവനങ്ങളെ വേഗത്തിലാക്കി കാര്യക്ഷമത കൂട്ടും. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാനും ജലസേചനം, കാലാവസ്ഥാ പ്രവചനം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി സംരക്ഷണം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് എ.ഐ. ഉപയോഗിക്കാം-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏഴാം ക്ലാസ് മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുന്നുണ്ട്. ജനറേറ്റീവ് എ.ഐ.ക്കായി വലിയ ഭാഷാ മോഡലുകളില്‍ (എല്‍എല്‍എം) മലയാളം മെച്ചപ്പെടുത്തുന്നതിന് ശ്രമം വേണം-മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡി.യും ചെയര്‍മാനുമായ എം.എ. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. ഐ.ബി.എം. സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, ഇലക്ട്രോണിക്‌സ് ഐ.ടി. സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ പോള്‍ ആന്റണി, ഐ.ടി. മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: international gen ai conclave cm pinarayi vijayan