വരുമാനമുണ്ടാക്കാന്‍ ഉപഭോക്തൃ ഡേറ്റ വേണ്ട, അരട്ടൈ ആപ്പില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉടനെത്തും: സിഇഒ

Arattai Icon | Photo: AI Generated
Arattai Icon | Photo: AI Generated

ഇന്ത്യന്‍ നിര്‍മിത ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ അരട്ടൈ ആപ്പിന് കഴിഞ്ഞ ആഴ്ചകളില്‍ വന്‍ ജനപ്രീതിയാണ് ലഭിച്ചത്. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നായി അരട്ടൈ മാറി. ഈ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിലാണ് മാതൃസ്ഥാപനമായ സോഹോ. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. അക്കൂട്ടത്തില്‍ ഉപഭോക്താക്കള്‍ ഏറ്റവും അധികം ആവശ്യപ്പെടുന്ന എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഉണ്ടാവും.

എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ തന്നെ അവതരിപ്പിക്കുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹോ സിഇഒ മണി വെമ്പു പറഞ്ഞു. നിലവില്‍ വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും മാത്രമാണ് സോഹോ എന്‍ക്രിപ്ഷന്‍ നല്‍കുന്നത്. അതേസമയം എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ള സീക്രട്ട് ചാറ്റ് എന്ന ഫീച്ചര്‍ അരട്ടൈയിലുണ്ട്. എന്നാല്‍ സാധാരണ ചാറ്റുകളില്‍ ഡിഫോള്‍ട്ടായി എന്‍ക്രിപ്ഷന്‍ ലഭിക്കില്ല. എന്നാല്‍ താമസിയാതെ അത് അവതരിപ്പിക്കുമെന്നും അതിനാണ് കമ്പനി നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും മണി വെമ്പു പറഞ്ഞു.

ഉപഭോക്താക്കളുടെ ഡേറ്റ അരട്ടൈയില്‍ സുരക്ഷിതമാണെന്ന് സോഹോ ഉറപ്പുനല്‍കുന്നു. ഡേറ്റ പരസ്യത്തിനോ പണമുണ്ടാക്കുന്നതിനോ ഉപയോഗിക്കില്ലെന്നും കമ്പനി പറഞ്ഞു. എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ എത്തുന്നതോടെ അരട്ടൈ ആപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങള്‍ അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാനാവൂ. മൂന്നാമതൊരാള്‍ക്ക് ചാറ്റുകളില്‍ നുഴഞ്ഞുകയറി നിരീക്ഷിക്കാന്‍ സാധിക്കില്ല. സോഹോയ്ക്ക് പോലും അതിനാവില്ല.

അതേസമയം, അരട്ടൈയെ തേഡ്പാര്‍ട്ടി ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന ഒരു പ്ലാറ്റ്‌ഫോമായി പരിവര്‍ത്തനം ചെയ്യാനുള്ള സാധ്യതകളും സോഹോ തേടുന്നുണ്ടെന്നും വെമ്പു പറഞ്ഞു.

സമീപകാലത്തായി ഇന്ത്യയില്‍ വലിയ വളര്‍ച്ചയാണ് അരട്ടൈ നേടിയത്. പ്രതിദിനം 3500 സൈന്‍ അപ്പ് എന്ന നിലയില്‍ നിന്ന് കഴിഞ്ഞ ആഴ്ച ഒരു ദിവസം 350000 സൈന്‍ അപ്പ് എന്ന നിലയിലേക്ക് അത് ഉയര്‍ന്നു. തദ്ദേശീയ ഡിജിറ്റല്‍ സേവനങ്ങളെയും ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരും സോഹോയുടെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം നല്‍കിവരികയാണ്.

Content Highlights: Following a massive surge in popularity, the Indian-made messaging app Arattai (by Zoho) is prioritizing the development and release of default end-to-end encryption for all chats