വാട്‌സാപ്പ് DoB ചോദിക്കുന്നു; ഇന്ത്യയിലും വരുമോ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്?

സോഷ്യൽ മീഡിയയിൽനിന്ന് കുട്ടികളെ വിലക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവോ? അടുത്തിടെ ഇന്ത്യൻ ഉപഭോക്താക്കളോട് വാട്സാപ്പ് അവരുടെ ജനനത്തീയതി ചോദിക്കാൻ തുടങ്ങിയതാണ് ഈ സംശയത്തിന് കാരണം. ഇന്ത്യൻ ഭരണകൂടത്തിന്റെ വരാനിരിക്കുന്ന നിയമങ്ങൾ കാരണമാണ് ജനനത്തീയതി ആവശ്യപ്പെടുന്നതെന്നാണ് വാട്സാപ്പ് കാരണമായി പറയുന്നത്. ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശത്തിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നിശ്ചിത പ്രായത്തിൽ താഴെ പ്രായമുള്ളവരെ വിലക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്നതിന്റെ സംശയവും ഇത് ബലപ്പെടുത്തുന്നു. അതായത് സോഷ്യൽ മീഡിയയിൽനിന്ന് കൗമാരക്കാരെ വിലക്കിക്കൊണ്ടുള്ള വിദേശരാജ്യങ്ങളിലെ നിയമങ്ങൾക്ക് സമാനമായ നീക്കം ഇന്ത്യയും നടത്തിയേക്കാം.
ഇങ്ങനെയൊക്കെയാണങ്കിലും വാട്സാപ്പോ കേന്ദ്രസർക്കാരോ ഇങ്ങനെയൊരു സോഷ്യൽ മീഡിയ പ്രായനിയന്ത്രണത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രായം ചോദിക്കുന്നത് എന്തിന്?
ഉപയോക്താക്കളോട് പ്രായം അല്ലെങ്കിൽ ജനനത്തീയതി ചോദിക്കുന്നതിന് മറ്റു ചില കാരണങ്ങൾ വാട്സാപ്പിന്റെ സപ്പോർട്ട് പേജിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിയമപരമായ ആവശ്യകതകളും നിബന്ധനകളും പാലിക്കുന്നതിനാണ് വാട്സാപ്പ് പ്രായം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്.
ഇതിനുപുറമേ, ഉപയോക്താക്കൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, വാട്സാപ്പിലെ ചില മെറ്റാ എഐ (Meta AI) ഫീച്ചറുകൾ, സ്റ്റാറ്റസിലും ചാനലുകളിലും കാണിക്കുന്ന പരസ്യങ്ങൾ എന്നിവ ക്രമീകരിക്കാൻ പ്രായം ഉപയോഗിക്കുന്നു.
ആപ്പിന്റെ സേവനനിബന്ധനകൾ നടപ്പിലാക്കാനും, ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവ മെച്ചപ്പെടുത്താനും, ഉപഭോക്തൃപിന്തുണ ഉറപ്പാക്കാനും ഈ വിവരങ്ങൾ സഹായിക്കുന്നു. ഉപയോക്താക്കൾ നൽകുന്ന പ്രായം വാട്സാപ്പിലെ മറ്റാളുകൾക്ക് കാണാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ, ഇന്ത്യൻ സർക്കാരിന്റെ വരാനിരിക്കുന്ന പുതിയ നിയമങ്ങൾ കാരണമാണ് ജനനത്തീയതി ചോദിക്കുന്നതെന്ന് കാണിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ പ്രായപരിധി പരിശോധന നിർബന്ധമാക്കുന്നത് സംബന്ധിച്ച് വാട്സാപ്പോ കേന്ദ്രസർക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങൾ
16 വയസ്സിനു താഴെയുള്ള കുട്ടികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ്, എക്സ് (X), റെഡ്ഡിറ്റ്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്ന നിയമം ഓസ്‌ട്രേലിയ പാസാക്കിയിട്ടുണ്ട്. കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളിൽനിന്നും സൈബർ ബുള്ളിയിങ്ങിൽനിന്നും സംരക്ഷിക്കാനാണ് ഈ നടപടി. എന്നാൽ, ഓസ്‌ട്രേലിയയിലെ ഈ വിലക്കിൽനിന്ന് വാട്സാപ്പിനെ ഒഴിവാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയെ കൂടാതെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ചില ഓൺലൈൻ സേവനങ്ങൾക്കായി യുകെയും ശക്തമായ പ്രായപരിധി പരിശോധനകൾ നടപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലും സമാനമായ നിയമങ്ങൾ കൊണ്ടുവരികയാണെങ്കിൽ, വാട്സാപ്പിനു പുറമേ ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്പുകൾക്കും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കേണ്ടിവരും.
Content Highlights: WhatsApp's recent prompts asking Indian users for their date of birth have sparked speculation that the Indian government might soon introduce strict age-restriction laws banning children from social media, similar to recent regulations enacted in Australia and the UK.