സാറ്റലൈറ്റ് ലൊക്കേഷന്‍ ട്രാക്കിങ്ങിനും കേന്ദ്രനീക്കം? ലോകത്ത് മറ്റെവിടെയും ഇല്ലെന്ന് ആപ്പിളും ഗൂഗിളും

സാറ്റലൈറ്റ് ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം മൊബൈല്‍ ഫോണുകളില്‍ എപ്പോഴും ആക്ടീവായിരിക്കണമെന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നായി സൂചന. ടെലികോം വ്യവസായരംഗത്തു നിന്ന് തന്നെയാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. രേഖകളും ഇമെയിലുകളും വിവിധ സ്രോതസ്സുകളും സ്ഥിരീകരിച്ച വിവരമാണിതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ആപ്പിള്‍, ഗൂഗിള്‍, സാംസങ് എന്നിവ നീക്കത്തെ എതിര്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. വ്യാപക എതിര്‍ത്ത് ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നെങ്കിലും സ്വകാര്യത സംബന്ധിച്ച വ്യാപകമായ ചര്‍ച്ചയ്ക്ക് നീക്കം വഴിവെച്ചിരുന്നു. പിന്നാലെയാണ് ലൊക്കേഷന്‍ ട്രാക്കിങ്ങിനുളള നീക്കം സംബന്ധിച്ച വിവരങ്ങളം പുറത്തുവരുന്നത്. സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള ടെലിക്കോം മന്ത്രാലയത്തിന്റെ നീക്കവും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി തന്നെയാണ് പുറത്തുകൊണ്ടുവന്ന്.
വിവിധ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികളുടെ സഹകരണം തേടിയാലും ഏജന്‍സികള്‍ക്ക് കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന പ്രശ്‌നം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. നിലവിലെ സംവിധാനത്തില്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിനായി സെല്ലുലാര്‍ ടവര്‍ ഡാറ്റ ഉപയോഗിക്കുന്നതില്‍ കമ്പനികള്‍ക്ക് പരിമിതിയുണ്ട്. ഇത് ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലുളള ഒരു ഏകദേശ ലൊക്കേഷന്‍ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് കഴിയൂ. ഈ സാഹചര്യത്തില്‍ സാറ്റലൈറ്റ് സിഗ്‌നലുകളും സെല്ലുലാര്‍ ഡാറ്റയും ഉപയോഗിക്കുന്ന A-GPS സാങ്കേതികവിദ്യയുടെ പിന്തുണയോടെ മാത്രമേ കൃത്യമായ ലൊക്കേഷനുകള്‍ നല്‍കാനാകൂ എന്നാണ് റിലയന്‍സിന്റെ ജിയോയെയും ഭാരതി എയര്‍ടെല്ലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (COAI) നിര്‍ദ്ദേശിച്ചത്. അതിന് സ്മാര്‍ട്ട്‌ഫോണുകളില്‍ എല്ലായ്‌പ്പോഴും ലൊക്കേഷന്‍ ആക്ടീവായിരിക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് അവ പ്രവര്‍ത്തനരഹിതമാക്കാന്‍ ഓപ്ഷന്‍ ഉണ്ടാകാനും പാടില്ല. ഈ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നാണ് വിവരം.
കൃത്യമായ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയും
ഈ നിര്‍ദ്ദേശം അംഗീകരിക്കരുതെന്ന് ആപ്പിളും ഗൂഗിളും അധികൃതരെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് മറ്റെവിടെയും ഇത്തരം ട്രാക്കിങ്ങിനുള്ള ഒരു നടപടിക്രമം നിലവിലില്ലെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ICEA) സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. A-GPS നെറ്റ്വര്‍ക്ക് സംവിധാനം ലൊക്കേഷന്‍ നിരീക്ഷണത്തിനായി എവിടെയും വിന്യസിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വിഷയത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായരംഗത്തെ ഉന്നതരുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ഒരു യോഗം വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റിവെച്ചു. ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി മന്ത്രാലയത്തിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും ലഭ്യമായില്ല. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ്, ഗൂഗിള്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയും പ്രതികരണം നല്‍കിയില്ല.
നിലവില്‍ ഐടി - ആഭ്യന്തര മന്ത്രാലയങ്ങള്‍ നയപരമായ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണയായി ചില ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോഴോ അടിയന്തര കോളുകള്‍ ചെയ്യുമ്പോഴോ മാത്രം ഓണ്‍ ആകുന്ന A-GPS സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതോടെ ഒരു ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷന്‍ ഡാറ്റ അധികാരികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഫോണുകള്‍ ഒരു നിരീക്ഷണ ഉപകരണമായിമെന്ന് ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ഡിജിറ്റല്‍ ഫോറന്‍സിക്‌സ് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നിരീക്ഷണത്തിന്റെ സൂചന ഉപയോക്താക്കള്‍ക്കും ലഭിക്കും
അതിനിടെ, പുതിയ നീക്കത്തില്‍ നിയമപരമായതും സ്വകാര്യതയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ പ്രശ്‌നങ്ങളുണ്ടെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകിക്കുന്ന ICEA കേന്ദ്രത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈനികര്‍, ജഡ്ജിമാര്‍, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുളളവര്‍ നിരീക്ഷണത്തിന് വിധേയരാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ലൊക്കേഷന്‍ ട്രാക്കിങ് അവരുടെ സുരക്ഷ അപകടത്തിലാക്കാം. പഴയ ലൊക്കേഷന്‍ ട്രാക്കിങ് രീതിപോലും അപകടകരമായി മാറുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കള്‍ക്ക് 'നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ ശ്രമം നടക്കുന്നു' എന്ന ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കും. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ തന്നെ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
Content Highlights: India mulls mandatory, always-on satellite location tracking for smartphones. Tech giants like Apple & Google oppose over privacy fears