സെമികണ്ടക്ടറിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്, ഹബ്ബാകാൻ കൊച്ചിയും

സെമികണ്ടക്ടർ മേഖലയിൽ മുന്നേറാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികൾക്ക് ഇതുവരെ മൊത്തം 1.4 ബില്യൺ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രാക്സണിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം 2025-ന് ശേഷമാണ് കമ്പനികൾ സമാഹരിച്ചത്. എഐ മുന്നേറ്റത്തെത്തുടർന്ന് സെമികണ്ടക്ടറുകളുടെ ഡിമാൻഡ് കുതിച്ചുയരുകയും ആഗോള തലത്തിൽ കടുത്ത ചിപ്പ് ക്ഷാമം നേരിടുകയും ചെയ്യുന്നതിനിടെയാണ് ഈ രംഗത്ത് ഇന്ത്യ മുന്നേറാനൊരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
ഈ മേഖലയിൽ ഇന്ത്യയിൽ ആകെ 3,557 കമ്പനികളാണുള്ളത്. ഇതിൽ ആകെ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. ട്രാക്സണിന്റെ കണക്കുകൾ പ്രകാരം 2026-ൽ മാത്രം ഇതുവരെ ഈ മേഖലയിൽ 228 മില്യൺ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ മൊത്തത്തിൽ 213 മില്യൺ ഡോളർ ഫണ്ടിങ് നേടിയ ടെസ്സോൾവ് സെമികണ്ടക്ടർ (Tessolve Semiconductor) ആണ് ഈ രംഗത്ത് മുന്നിൽ നിൽക്കുന്നത്. 198 മിള്യൺ ഡോളറുമായി ഐഎൽജെഐഎൻ ഇലക്ട്രോണിക്‌സും (ILJIN Electronics), 129 ദശലക്ഷം ഡോളറുമായി വിവിഡിഎമ്മും (VVDN) തൊട്ടുപിന്നിലുണ്ട്. ഇലക്ട്രോണിക് മാനുഫാക്ചറിങ് സർവീസസ് ആണ് ഫണ്ടിങ്ങിൽ ഈ മേഖലയെ നയിച്ചത്.
ബെംഗളൂരുവാണ് രാജ്യത്തെ പ്രധാന സെമികണ്ടക്ടർ ഹബ്. 3,557 കമ്പനികളിൽ 626 എണ്ണവും ബെംഗളൂരുവിലാണുള്ളത്. ഇതുവരെ സമാഹരിച്ച മൊത്തം ഇക്വിറ്റി ഫണ്ടിങ്ങിന്റെ 40.1 ശതമാനവും ഇവിടുത്തെ കമ്പനികൾക്കാണ്. ഫണ്ടിങ് വിഹിതത്തിന്റെ കാര്യത്തിൽ നോയിഡ (16.4%), ഗുരുഗ്രാം (10.7%), കൊച്ചി (8.8%), ഹൈദരാബാദ് (6.2%) എന്നിവയാണ് തൊട്ടുപിന്നിൽ.
തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ യു.എസ് എന്നീ രാജ്യങ്ങളാണ് സെമികണ്ടക്ടർ മേഖലയിൽ ലോകത്ത് മുൻനിരയിലുള്ളത്. 2035-ഓടെ ആദ്യ നാല് സ്ഥാങ്ങളിൽ ഒന്നിലെത്താൻ ലക്ഷ്യമിട്ടാണ് നിലവിൽ ഇന്ത്യ മുന്നേറുന്നത്.
കരുത്ത് പകരാൻ സെമികോൺ ഇന്ത്യ
ദ്വാരകയിലെ യശോഭൂമിയിൽ സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന രാജ്യത്തിന്റെ പ്രമുഖ സെമികണ്ടക്ടർ സമ്മേളനവും പ്രദർശനവുമായ 'സെമികോൺ ഇന്ത്യ 2026' (SEMICON India 2026)ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വളർന്നുകൊണ്ടിരിക്കുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യയിലേക്ക് ആഗോള സെമികണ്ടക്ടർ വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, സംസ്ഥാന പ്രതിനിധികൾ, ഈ മേഖലയിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചു കൂട്ടുന്ന സെമികോൺ ഇന്ത്യ 2026-ന്റെ അഞ്ചാം പതിപ്പ് സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
Content Highlights: India's semiconductor sector has attracted $1.4 billion in total equity funding across 281 funded companies., Nearly half ($701 million) of the total funding has been raised since 2025., SEMICON India 2026 will be inaugurated by PM Narendra Modi on September 17 in New Delhi., Bengaluru remains the dominant hub, capturing 40.1% of all equity funding to date., Tessolve Semiconductor leads in cumulative funding with $213 million.