നിർണായകഘട്ടം പിന്നിട്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഫാസ്റ്റ് ബ്രീഡർ റിയാക്ടർ; മുന്നേറ്റം

#ടെക്‌നോളജി ഡെസ്‌ക്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2024-ല്‍ സാക്ഷ്യംവഹിച്ചപ്പോള്‍. File Photo - PTI
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2024-ല്‍ സാക്ഷ്യംവഹിച്ചപ്പോള്‍. File Photo - PTI

ആണവ ഇന്ധന സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ് നടത്തി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) ക്രിട്ടിക്കാലിറ്റി കൈവരിച്ചതോടെയാണിത്. പൂർണതോതിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു നിർണായക ഘട്ടം അടയാളപ്പെടുത്തുന്ന മുന്നേറ്റമാണിത്. 2047-ഓടെ ഈ റിയാക്ടർ പ്രവർത്തനക്ഷമമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടെ നിലവിലെ ഏകദേശം എട്ട് ഗിഗാവാട്ടിൽ നിന്ന് 100 ഗിഗാവാട്ട് ആയി ആണവ വൈദ്യുതി ഉത്പാദനശേഷി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിൽ ഈ റിയാക്ടർ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ ആണവജ രംഗത്തെ സുപ്രധാന വഴിത്തിരിവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചു. സിവിൽ ആണവോർജ മേഖലയിൽ ഇന്ത്യ ഇന്നൊരു നിർണായക ചുവടുവെപ്പ് നടത്തുന്നു. നമ്മുടെ ആണവ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് മുന്നേറ്റം നൽകുന്നതാണിത്. കാൽപ്പാക്കത്തുള്ള തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ക്രിട്ടിക്കാലിറ്റി നേടിയിരിക്കുന്നു.' അദ്ദേഹം എക്‌സിൽ കുറിച്ചു.

മൂന്ന് ഘട്ടങ്ങളായുള്ള ഇന്ത്യയുടെ ആണവ പരിപാടിയുടെ കേന്ദ്രമാണ് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള മാറ്റം പ്രധാനപ്പെട്ടതാണ്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിവുള്ള ഈ നൂതന റിയാക്ടർ നമ്മുടെ ശാസ്ത്രീയ കഴിവുകളുടെ ആഴവും നമ്മുടെ എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെ ശക്തിയും പ്രതിഫലിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ആണവോർജരംഗത്ത് ഇന്ത്യ കൈവരിച്ച ഈ നേട്ടം ഇറക്കുമതി ചെയ്യുന്ന ആണവ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് ദീർഘകാല ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റിയാക്ടറിന്റെ രൂപകൽപ്പന, നിർമാണം എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, വ്യവസായ ലോകം എന്നിവരുടെ വൈദഗ്ധ്യവും മികവും വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം. ക്രിട്ടിക്കാലിറ്റി കൈവരിക്കുന്നത് ഒരു സാങ്കേതിക നാഴികക്കല്ല് മാത്രമല്ല സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഊർജ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഭാരതീയ നാഭീകീയ വിദ്യുത് നിഗം ലിമിറ്റഡ് ആണ് റിയാക്ടർ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്തത്. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളടക്കം 200-ൽ അധികം ഇന്ത്യൻ സംരംഭങ്ങൾ ഈ പദ്ധതിക്ക് ഊർജം പകർന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതാണ് റിയാക്ടർ. അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷിതമായ ഷട്ട്ഡൗണിനായി രൂപകൽപ്പന ചെയ്ത സംവിധാനങ്ങളടക്കം അതിലുണ്ട്. ക്രിട്ടിക്കാലിറ്റി കൈവരിച്ച റിയാക്ടർ പൂർണശേഷിയിലെത്തുന്നതിന് മുമ്പ് പരിശോധനയ്ക്കും ഘട്ടം ഘട്ടമായുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കലിനും വിധേയമാക്കും. ലക്ഷ്യം കൈവരിക്കുന്നതോടെ സ്വന്തമായി പ്രവർത്തനക്ഷമമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും.

Content Highlights: PFBR at Kalpakkam achieves first criticality in 2026., Advances India's three-stage nuclear power program., Supports the goal of 100GW nuclear capacity by 2047., Enables transition to thorium-based nuclear fuel cycles., Demonstrates indigenous engineering and Aatmanirbhar Bharat success.