OTP ലഭിക്കാതിരിക്കാം അല്ലെങ്കില്‍ വൈകിയേക്കാം; ഡിസംബര്‍ ഒന്നുമുതല്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിയാം

Representational Image : Canva.com
Representational Image : Canva.com

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന നിര്‍വ്വഹണ -നിയന്ത്രണമാറ്റങ്ങള്‍ വിവിധ മേഖലകളുടെ പ്രവര്‍ത്തനരീതികളില്‍ പ്രതിഫലിക്കും. വ്യാജ ഒടിപികളുടെ നിയന്ത്രണം, മാലദ്വീപ് ടൂറിസം നിയമങ്ങളിലെ മാറ്റങ്ങള്‍, ചില ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് വ്യവസ്ഥകളിലെ മാറ്റങ്ങള്‍ തുടങ്ങിയ ഇവയില്‍ ഉള്‍പ്പെടും. ഭരണനിര്‍വ്വഹണവും ഉപഭോക്തൃസുരക്ഷയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ക്ക് വ്യക്തികളും വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങളും വിധേയമാകണം. ഡിസംബര്‍ ഒന്നുമുതല്‍ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം. 

ടെലിഫോണ്‍ റെഗുലേഷന്‍ അതോറിറ്റി (TRAI) യുടെ പുതിയ പരിഷ്‌കരണം

പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം സാധ്യമാക്കുകയും അതിലൂടെ ജനങ്ങള്‍ സാമ്പത്തികത്തട്ടിപ്പിനിരയാകുകയും ചെയ്യുന്നത് പലപ്പോഴും ഇടപാടുകള്‍ക്കായി ലഭിക്കുന്ന വണ്‍-ടൈം പാസ് വേര്‍ഡ് (OTP) വഴിയാണ്.  ഒടിപികള്‍ വഴിയുള്ള തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെസേജുകള്‍ ട്രേസ് ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ എല്ലാ ടെലികോം കമ്പനികളോടും TRAI ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്ന അവസാനതീയതി നവംബര്‍ 30 ആണ്. ഇതനുസരിച്ച് എല്ലാ മെസേജുകളും ട്രേസ് ചെയ്യാനുള്ള വകുപ്പുകള്‍ കമ്പനികള്‍ സജ്ജമാക്കണം. നേരത്തെ  ഒക്ടോബര്‍ 31 ആയിരുന്നു ഇതിനായി അനുവദിച്ച അവസാനതീയതിയെങ്കിലും സേവനദാതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തീയതി നീട്ടുകയായിരുന്നു. TRAIയുടെ ആവശ്യം കമ്പനികള്‍ പൂര്‍ത്തിയാക്കാത്തപക്ഷം ഉപയോക്താക്കള്‍ക്ക് ഒടിപികള്‍ ലഭിക്കാതിരിക്കുകയോ വൈകുകയോ ചെയ്‌തേക്കാം. 

മാലദ്വീപ് സന്ദര്‍ശക ഫീസ് വര്‍ധിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ മാലദ്വീപ് സന്ദര്‍ശകര്‍ക്കായുള്ള ഫീസ് ഡിസംബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കും. ഇക്കോണമി-ക്ലാസ് യാത്രക്കാരുടെ ഫീസ് 30 ഡോളറില്‍ (2,532 രൂപ) നിന്ന് 50 ഡോളറാക്കി ( 4,220 രൂപ ) ഉയര്‍ത്തും. ബിസിനസ്-ക്ലാസ് യാത്രികര്‍ക്ക് നിലവിലുള്ള ഫീസായ 60 ഡോളറില്‍ (5, 064 രൂപ) യില്‍ നിന്ന് 120 ഡോളറായി (10,129 രൂപ) വര്‍ധിപ്പിക്കും. ഫസ്റ്റ്-ക്ലാസ് യാത്രക്കാരുടെ ഫീസ് 240 ഡോളറായി ( 20,257 രൂപ) ഉയരും. നിലവില്‍ 90 ഡോളറാണ് (7,597 രൂപ)യാണ് ഫീസ്. പ്രൈവറ്റ് ജെറ്റ് യാത്രികര്‍ക്കാണ് ഏറ്റവുമധികം ഫീസ് വര്‍ധനവ് അഭിമുഖീകരിക്കേണ്ടി വരിക. നിലവില്‍ 120 ഡോളര്‍ ( 10,129 രൂപ) നല്‍കുന്ന പ്രൈവറ്റ് ജെറ്റ് യാത്രികര്‍ ഇനിമുതല്‍ 480 ഡോളര്‍ ( 40,515 രൂപ) ഫീസിനത്തില്‍ നല്‍കണം. 

ഗ്യാസ് സിലിണ്ടര്‍ വില

എണ്ണക്കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി  വില പുതുക്കുന്നതിനാല്‍ ഗ്യാസ് സിലിണ്ടര്‍ വിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതാണ്. ഒക്ടോബര്‍ മാസത്തില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 48 രൂപ വര്‍ധിച്ചിരുന്നു. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായില്ല. 

ക്രെഡിറ്റ് കാര്‍ഡിലെ മാറ്റങ്ങള്‍ 

ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമായിരുന്ന പല സൗജന്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വരും. വിമാനയാത്രകള്‍ക്കും ഹോട്ടല്‍താമസത്തിനും ഉപയോഗപ്പെടുത്താവുന്ന റിവാര്‍ഡ് പോയന്റുകളില്‍ യെസ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തും. എച്ച്ഡിഎഫ്‌സി ബാങ്ക് അതിന്റെ റെഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യങ്ങളില്‍ ഭേദഗതി വരുത്തും. ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിനായി ഓരോ പാദത്തിലും ഒരു ലക്ഷം രൂപ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ (എച്ച്ഡിഎഫ്‌സി) ഉപയോഗിക്കേണ്ടി വരും. എസ്ബിഐയും ആക്‌സിസ് ബാങ്കും സമാനമായ വ്യവസ്ഥകള്‍ കൊണ്ടവരുമെന്നാണ് സൂചന. 

Content Highlights: Major changes effective Dec 1st in India include OTP traceability, increased Maldives tourist fees