ഇന്ത്യയിലും എയർടാക്സികൾ വരുന്നു, കെട്ടിടങ്ങൾക്ക് മുകളിൽ ലാൻഡ് ചെയ്യും- പദ്ധതിയുമായി സിഐഐ

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

രാജ്യത്ത് എയർ ടാക്സി സംവിധാനം ആരംഭിക്കാനുള്ള പദ്ധതിയുമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). ഗുരുഗ്രാം, കനോട്ട് പ്ലേസ്, നോയിഡയിലെ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പൈലറ്റ് ഇടനാഴി രാജ്യത്ത് എയർ ടാക്സി സംവിധാനത്തിന് അടിത്തറ പാകുമെന്ന് സി.ഐ.ഐ. പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. തുടക്കത്തിൽ ആശുപത്രികളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും നടത്തുംവിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

ശസ്ത്രക്രിയാ ആവശ്യങ്ങൾക്കായുള്ള അവയവങ്ങൾ കൊണ്ടുപോകുന്നതിനും സമാനമായ ദൗത്യങ്ങൾക്കുമാണ് ഈ സംവിധാനം ആദ്യം പ്രയോജനപ്പെടുത്തുക. ഡി.ജി.സി.എ. മേധാവി ഫായിസ് അഹമ്മദ് കിഡ്വായ്, എയർപോർട്ട്സ് അതോറിറ്റി ചെയർമാൻ വിപിൻകുമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു കിഞ്ചരാപ്പുവാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

എയർടാക്സികൾ എന്തിന് ?

നിലവിൽ രാജ്യത്തുള്ള ഉപരിതല ഗതാഗത സംവിധാനങ്ങളുടെ സ്ഥിതിയനുസരിച്ച് രാജ്യത്ത് സുഗമമായ ഗതാഗതമൊരുക്കുന്നതിനുള്ള അടുത്തപടി എയർ ടാക്സി പോലുള്ള അത്യാധുനിക എയർ മൊബിലിറ്റി സംവിധാനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുള്ളിൽ (ഡി.ജി.സി.എ.) തന്നെയുള്ള പുതിയ സംവിധാനമാവും ഈ എയർടാക്സി ഗതാഗതം നിയന്ത്രിക്കുക.

നിലവിലെ ഡി.ജി.സി.എ. ചട്ടങ്ങൾ പ്രകാരം, മേൽക്കൂരകളിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വെർട്ടിക്കൽ ടേക്ക്-ഓഫുകളും ലാൻഡിങ്ങുകളും അനുവദനീയമല്ല. ഭാവിയിൽ അത് അനുവദിച്ചാൽ അതും സാധ്യമായ നിയന്ത്രണ ചട്ടക്കൂടുകളുടെയും സുരക്ഷാ പരിശോധനകൾക്കും വിധേയമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരക്കേറിയ നഗരങ്ങളിൽ എയർടാക്സികൾ ലാൻഡ് ചെയ്യാൻ ഭൂമി കണ്ടെത്തുന്നതിലെ സങ്കീർണതകൾ കാരണം, അതിനുള്ള എളുപ്പവഴിയായാണ് കെട്ടിടങ്ങൾക്കുമുകളിലെ വെർട്ടിപോർട്ടുകൾ (Vertiports) എന്ന ആശയം സി.ഐ.ഐ. മുന്നോട്ടുവെക്കുന്നത്. ഡ്രോൺ ഡെലിവറി, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ചരക്കുനീക്കം, അവയവ കൈമാറ്റ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി തുടങ്ങി ക്രമേണ എയർ ആംബുലൻസ് സേവനങ്ങളായും മറ്റ് ആവശ്യങ്ങൾക്കായും ഇത് പരിണമിക്കുന്നതായിരിക്കും.

Content Highlights: No More Traffic Jams? Air Taxis Coming to India; First Route to Connect Jewar Airport and Delhi.