നിർമിതബുദ്ധി 2030-ഓടെ 500 ബില്യൺ ഡോളറിലധികം രാജ്യത്തിന് നൽകും - പഠനം

#ടെക്നോളജി ഡെസ്ക്
Photo: IBM
Photo: IBM

കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന ശക്തിയായി നിർമിതബുദ്ധി മാറാൻ ഒരുങ്ങുന്നതിനാൽ ഇന്ത്യ അതിന്റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പഠനം. ഐ.ബി.എമ്മും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിസിനസ് വാല്യൂവും ഇന്ത്യ എ.ഐ.യും നടത്തിയ പുതിയ പഠനത്തിലാണ് ഈ നിരീക്ഷണം. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർമിതബുദ്ധി 500 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യുമെന്നും ലോകത്തിലെ ഏറ്റവും ചലനാത്മകമായ എ.ഐ. നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളിൽ രാജ്യം സ്ഥാനം പിടിക്കുമെന്നും പഠനത്തിൽ പറയുന്നു.

'From promise to power: How AI is redefining India’s economic future' എന്ന തലക്കെട്ടിലുള്ള പഠനം ഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ പുറത്തിറക്കി. എ.ഐ. നിക്ഷേപങ്ങൾ ഇന്ത്യയുടെ ജി.ഡി.പി. വളർച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചിൽ നാല് വ്യവസായ പ്രമുഖർ വിശ്വസിക്കുന്നു. 2030-ഓടെ ഇന്ത്യ ഒരു മുൻനിര ആഗോള എ.ഐ. രാഷ്ട്രമായി ഉയർന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു.

എ.ഐ. അവലംബിക്കുന്നതിൽ സമകാലികരായ ആഗോള കമ്പനികളെക്കാൾ പിന്നിലാണെന്ന് സർവേയിൽ പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരിൽ 57% പേർ ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റക്കുറച്ചിലുകളും 77% പേർ ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എ.ഐ. കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു.

നിർമിതബുദ്ധിയിൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 30% ജീവനക്കാർക്ക് മാത്രമേ വ്യാപാരങ്ങൾക്ക് ആവശ്യമുള്ള എ.ഐ. സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാൽ 2030-ൽ ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവർ സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയിൽ ആവശ്യമായ മൊത്തം എ.ഐ. പ്രതിഭകൾ 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

Content Highlights: A joint study by IBM and IndiaAI reveals that Artificial Intelligence is set to contribute over $500 billion to the Indian economy by 2030, transforming the nation into a global AI powerhouse despite challenges in infrastructure and skill gaps.