10,000 രൂപയില്‍ താഴെ വില, ജിയോ ഫോണ്‍ 5 ജിയുടെ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ് വര്‍ക്ക് ദാതാക്കളാണ് റിലയന്‍സ് ജിയോ. വലിയ വിലക്കുറവില്‍ 4ജി സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കുന്ന ജിയോ പുതിയ 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ലോഞ്ചിന് മുമ്പ് തന്നെ ജിയോ ഫോണിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അര്‍പിത് പട്ടേല്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വെര്‍ട്ടിക്കലായുള്ള ക്യാമറ മോഡ്യുളും കടും നീല നിറത്തിലുള്ള ബാക്കും ഉള്ള ഫോണ്‍ ആണ് ചിത്രത്തില്‍. പിന്നില്‍ ജിയോയുടെ ബ്രാന്‍ഡിങുമുണ്ട്. 13 എംപി + 2 എംപി റിയര്‍ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയുമാണിതിനുള്ളതെന്ന് ട്വീറ്റില്‍ പറയുന്നു. 6.6 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്. ഫ്രണ്ട് പാനലില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയ്ക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10000 രൂപയിൽ താഴെ ആയിരിക്കും വിലയെന്നും ഇദ്ദേഹം പറയുന്നു.
ജിയോയുടെ 5ജി വേഗത പരിശോധിക്കുന്നതിന്റെ സ്ക്രീന്‍ ആണ് ചിത്രത്തില്‍ കാണുന്നത്. 479 എംബിപിഎസ് ഡൗണ്‍ലോഡ് വേഗം സ്‌ക്രീനില്‍ കാണുന്നുണ്ട്. കുറച്ച് നാള്‍ ഉപയോഗിച്ച ഫോണിന്റെ ചിത്രമാണിത് എന്ന് ബാക്ക് പാനലിലും മറ്റും കാണുന്ന പരിക്കുകള്‍ വ്യക്തമാക്കുന്നു. ഡമ്മിയോ, പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നുള്ളതോ ആയിരിക്കാം.
ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ജിയോയും ഗൂഗിളും ചേര്‍ന്നൊരുക്കിയ പ്രഗതി ഓഎസ് എന്ന ആന്‍ഡ്രോയിഡിന്റെ ഒരു ചെറുപതിപ്പായിരിക്കും ഇതില്‍ എന്നു കരുതുന്നു.
എന്തായാലും ജിയോഫോണ്‍ 5ജിയുടെ വരവ് കുറഞ്ഞ ചെലവില്‍ 5ജി സേവനങ്ങളാസ്വദിക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കും. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.
Content Highlights: jiophone 5g, Jiophone 5G Price