കൊച്ചിയില്‍ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ച് ഐബിഎം

ഐബിഎമ്മിന്റെ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍ (ഇഐസി) കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, അക്കാദമിക മേഖലകള്‍ എന്നിവയിലുടനീളം നവീകരണം, സംരംഭകത്വം, സഹകരണം എന്നിവ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ക്യുബേഷൻ സെന്‍റർ ആരംഭിച്ചിരിക്കുന്നത്.
പ്രാരംഭ ദശയിലുള്ള സംരംഭങ്ങള്‍ക്കും നൈപുണ്യ വികസനത്തിനും സഹ-നവീകരണത്തിനുമായി ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഐസി, കേരളത്തിന്റെ ഇന്നോവേഷന്‍ ഇക്കോസിസ്റ്റത്തിന് ഘടനാപരമായ പിന്തുണ നല്‍കും. ഐബിഎം വിദഗ്ധരുമായുള്ള (SME) ത്രൈമാസ കൂടിക്കാഴ്ചകള്‍, പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (PoC) വികസനത്തിനുള്ള മാര്‍ഗനിര്‍ദേശവും മെന്റര്‍ഷിപ്പും, ടെക്‌നിക്കല്‍ വര്‍ക് ഷോപ്പുകൾ, ഹാക്കത്തോണുകള്‍, അക്കാദമിക് പാഠ്യപദ്ധതികളുമായുള്ള സംയോജനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
കൊച്ചിയിലെ ഐബിഎം സോഫ്റ്റ്‌വെയര്‍ ലാബിനെ അടിസ്ഥാനമാക്കിയാണ് ഇഐസി സജ്ജീകരിച്ചിരിക്കുന്നത്. ഈ ലാബ് ഐബിഎമ്മിന്റെ എഐ, ഓട്ടോമേഷന്‍ സൊല്യൂഷനുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 2024-ലെ ജെന്‍ എഐ കോണ്‍ക്ലേവിന്റെ വിജയത്തിനു ശേഷം, ഈ സെന്റര്‍ വഴി ജനറേറ്റീവ് എഐയിലെ നവീകരണം മുന്നോട്ട് കൊണ്ടുപോകാനാണ് ഐബിഎം ലക്ഷ്യമിടുന്നത്.
സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഐബിഎം സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയര്‍ ലാബ്സ് വൈസ് പ്രസിഡന്റ് വിശാല്‍ ചഹാല്‍ എന്നിവര്‍ ചേര്‍ന്ന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍, വ്യവസായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് പറഞ്ഞു വ്യവസായമന്ത്രി. കേരളത്തിലെ പുരോഗമനപരമായ സാമൂഹ്യസാഹചര്യം സ്വതന്ത്രചിന്തയെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതായതിനാല്‍ ഇനോവേഷന് വലിയ സാധ്യതയാണുള്ളത്. - വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
കഴിവിന്റേയും നവീനതയുടേയും ശരിയായ സംയോജനത്തിലൂടെ ഒരു ഡീപ് ടെക് ഹോട്ട്സ്പോട്ട് എന്ന നിലയില്‍ കൊച്ചി അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പങ്കാളികളുമായുള്ള പ്രാദേശിക സഹകരണം, നൈപുണ്യ വികസനം, നൂതനത്വം എന്നിവയോടുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, അക്കാദമിയ തുടങ്ങിയവയുമായുള്ള പങ്കാളിത്തം മുഖേന, ഞങ്ങളുടെ ക്ലയിന്റുകളുടെ ഹൈബ്രിഡ് ക്ലൗഡ്, എഐ ആവശ്യങ്ങള്‍ക്കായുള്ള സോഫ്റ്റ്‌വെയറുകളുടെ വിപുലീകരണമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - ഐബിഎം സോഫ്റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍ പറഞ്ഞു.
Content Highlights: IBM launches its Ecosystem Incubation Center in Kochi,