മോദിയെ കുറിച്ചുള്ള ആക്ഷേപഹാസ്യ പരിപാടി ഇന്ത്യയില്‍ കാണിക്കാതെ ഹോട്ട്‌സ്റ്റാര്‍

-
-

എച്ച്ബിഒ ചാനലിലെ എമ്മി അവാര്‍ഡ് പുരസ്‌കാരത്തിനര്‍ഹമായ ആക്ഷേപഹാസ്യ പരിപാടിയാണ് ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍. ലോകത്തിലെ വിവിധ വിഷയങ്ങള്‍ ഞായറാഴ്ച രാത്രികളില്‍ ചാനലില്‍ സംപ്രേഷണം ചെയ്യാറുള്ള ഈ പരിപാടി ചര്‍ച്ച ചെയ്യാറുണ്ട്. ഞായറാഴ്ച രാത്രിയിലെ പരിപാടി ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ജനപ്രിയ സ്ട്രീമിങ് വെബ്‌സൈറ്റായ ഹോട്ട്‌സ്റ്റാറിലുമെത്തും. 

എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ചര്‍ച്ച ചെയ്ത ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവര്‍ എപ്പിസോഡ് ഇതുവരെയും ഹോട്ട്‌സ്റ്റാര്‍ ഇന്ത്യയില്‍ കാണിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഈ എപ്പിസോഡ് ഇന്ത്യയില്‍ ഒഴിവാക്കിയതെന്ന് ഹോട്ട്‌സ്റ്റാര്‍ വ്യക്തമാക്കിയിട്ടില്ല. 

പരിപാടിയുടെ അവതാരകനായ ജോണ്‍ ഒളിവര്‍തന്നെയാണ്  ഹോട്ട്‌സ്റ്റാറിന്റെ നിലപാടിനെ പരിഹസിച്ചുകൊണ്ട് തന്റെ പരിപാടിയിലൂടെ തന്നെ ഈ വിവരം ലോകത്തെ അറിയിച്ചത്. ഹോട്ട് സ്റ്റാര്‍ പരിപാടി കാണിച്ചിട്ടില്ലെങ്കിലും പരിപാടിയുടെ യൂട്യൂബ് ചാനലില്‍ ഈ എപ്പിസോഡ് ലഭ്യമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നരേന്ദ്രമോദിയുടെ ജനപ്രീതിയെയും രാഷ്ട്രീയത്തേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഗോവധം, സിഎഎ, എന്‍ആര്‍സി പോലുള്ള വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചചെയ്യുന്നു. 

ഭരണകൂടത്തെ ഭയന്നാണ് ഹോട്ടസ്റ്റാര്‍ പരിപാടി ഒഴിവാക്കിയത് എന്നാണ് വിമര്‍ശനം ഉയരുന്നത്. നേരത്തെ ഹിന്ദുത്വ രാഷ്ട്രീയം വിമര്‍ശിച്ച സിബിഎസ് ചാനലിലെ രാഷ്ട്രീയ നാടക പരിപാടിയായ മാഡം സെക്രട്ടറി എപ്പിസോഡ് ആമസോണ്‍ പ്രൈം നീക്കം ചെയ്തതും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. 

Content Highlights: hotstar not streamed LastWeekTonight episode about Narendra modi popularity and politics

Content Highlights: