ജിടിഎ 6 എപ്പൊ വരും? റിലീസ് തീയതി പ്രഖ്യാപിക്കാതെ റോക്ക് സ്റ്റാര്‍; ഹൈപ്പ് കൂടട്ടെ എന്ന് സിഇഒ

ജിടിഎ 6 പോസ്റ്റർ | Photo: facebook.com/rockstargames
ജിടിഎ 6 പോസ്റ്റർ | Photo: facebook.com/rockstargames

ലോകത്തെ ഏറ്റവും ജനപ്രിയമായ കമ്പ്യൂട്ടര്‍ ഗെയിമുകളിലൊന്നായ ഗ്രാന്റ് തെഫ്റ്റ് ഓട്ടോയുടെ (ജിടിഎ) ആറാം പതിപ്പ് എപ്പോള്‍ പുറത്തിറങ്ങുമെന്നത് സംബന്ധിച്ച് മൗനം തുടര്‍ന്ന് റോക്ക് സ്റ്റാര്‍ ഗെയിംസ്. 2023 ഡിസംബറില്‍ ജിടിഎ 6-ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഗെയിം പുറത്തിറങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ റിലീസ് തീയതി സംബന്ധിച്ച ഒരു വിവരവും ഔദ്യോഗികമായി പുറത്തുവരാത്തതിനാല്‍ ആരാധകർ അതിയായ ആകാംക്ഷയിലാണ്. 

ജിടിഎ 6 പുറത്തിറങ്ങുന്നതിന് മുമ്പായുള്ള മാര്‍ക്കറ്റിങ് പരിപാടികളൊന്നും തുടങ്ങിയിട്ടില്ല എന്നകാര്യവും ശ്രദ്ധേയമാണ്. ഇതിനിടെയാണ് റോക്ക് സ്റ്റാര്‍ ഗെയിംസിന്റെ മാതൃകമ്പനിയായ ടേക്ക്-ടു ഇന്ററാക്റ്റീവ് ജിടിഎ 6 റിലീസ് തീയതി പ്രഖ്യാപിക്കാത്തതിന്റെ കാരണം വിശദീകരിച്ചത്. ജനങ്ങളില്‍ പ്രതീക്ഷയും ആകാംക്ഷയും നിലനിര്‍ത്തി 'ഹൈപ്പ്' കൂട്ടാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നാണ് ടേക്ക്-ടു ഇന്ററാക്റ്റീവ് സിഇഒ സ്‌ട്രോസ് സെല്‍നിക് പറഞ്ഞത്. 

'ഈ ഗെയിമിനായുള്ള കാത്തിരിപ്പാകും ഒരു വിനോദോപാധിക്കായുള്ള, ഞാന്‍ കണ്ട ഏറ്റവും വലിയ കാത്തിരിപ്പ്. ഈ മേഖലയില്‍ എനിക്ക് വലിയ അനുഭവ സമ്പത്തുണ്ട്. വിനോദവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസുകളിലും ഞാനുണ്ടായിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്ന് വ്യത്യസ്തമാണ്.' -ജിടിഎ 6 റിലീസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സ്‌ട്രോസ് സെല്‍നിക് പറഞ്ഞു. 

'റിലീസ് തീയതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിക്കുന്ന എതിരാളികള്‍ ഞങ്ങള്‍ക്കുണ്ട്. മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിലീസിനോടടുപ്പിച്ച് പുറത്തുവിടുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആവേശവും പ്രതീക്ഷയും ഉയര്‍ത്തിനിര്‍ത്താന്‍ അത് സഹായിക്കും.' -അദ്ദേഹം തുടര്‍ന്നു. 

പ്ലേ സ്റ്റേഷന്‍ 5, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ്, എസ് എന്നിവയ്ക്കായുള്ള ജിടിഎ 6 ആണ് ഈ വര്‍ഷം പുറത്തിറങ്ങുക. ഫ്‌ളോറിഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ലിയോനിഡ സംസ്ഥാനമാണ് ഗെയിമിന്റെ ലൊക്കേഷന്‍. ജിടിഎയുടെ പ്രതീകം എന്ന് വിശേഷിപ്പിക്കാവുന്ന വൈസ് സിറ്റി ഈ ഗെയിമില്‍ തിരിച്ചുവരുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ട് നായകന്മാരാണ് ഗെയിമില്‍ ഉണ്ടാകുക. ഇതില്‍ ഒരാള്‍ പുരുഷനും അടുത്തയാള്‍ സ്ത്രീയുമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Content Highlights: Rockstar Not Revealing GTA 6 Release Date to Maintain 'Anticipation and Excitement', Says CEO