ഇത് ദൗത്യത്തിന്റെ അവസാനമല്ല, തുടക്കംമാത്രം; ഇനിയെന്ത്? ഇന്ത്യന്‍ പദ്ധതികളുടെ തുടര്‍ച്ച എങ്ങനെ?

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ആക്‌സിയം-4 ദൗത്യം പൂര്‍ത്തിയാക്കി സുരക്ഷിതനായി ഭൂമിയില്‍ തിരിച്ചെത്തി. അദ്ദേഹമടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ കാലിഫോര്‍ണിയ തീരത്താണ് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്. ശുക്ലയുടെ മടക്കം ഒരു സുപ്രധാന ദൗത്യത്തിന്റെ അവസാനമല്ല, മറിച്ച് മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയുടെ അടുത്ത അധ്യായത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുഭവം ഇന്ത്യയുടെ പദ്ധതികള്‍ക്കും ശാസ്ത്ര മേഖലയ്ക്കും ബഹിരാകാശ ഗവേഷണ രംഗത്തിനും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കും 2027ലെ ഗഗന്‍യാന്‍-4 വിക്ഷേപണം മുതല്‍ 2035-ഓടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു ഓര്‍ബിറ്റല്‍ സ്റ്റേഷന്‍, 2040-ഓടെയുള്ള ചാന്ദ്ര ദൗത്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് മുന്നിലുള്ളത് ഇനി എന്തെല്ലാമാണെന്നത് കൗതുകം ഉണര്‍ത്തുന്നതാണ്.
ശുഭാംശു ഇനി നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക്
സ്പ്ലാഷ്ഡൗണിന് ശേഷം ശുക്ലയെയും സഹയാത്രികരെയും ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകും. അവിടെ, അദ്ദേഹം കുറഞ്ഞത് 10 ദിവസമെങ്കിലും മെഡിക്കല്‍ - സൈക്കോളജിക്കല്‍ പുനരധിവാസത്തിന്റെ ഭാഗമായി ക്വാറന്റീനില്‍ കഴിയും. ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി ശരീരം വീണ്ടും പൊരുത്തപ്പെടാന്‍ സഹായിക്കുന്ന നടപടികള്‍ക്ക് അദ്ദേഹം വിധേയനാകും. ഹൃദയത്തിന്റെ പ്രവര്‍ത്തനം, അസ്ഥികളുടെ സാന്ദ്രത, റിഫ്‌ളെക്‌സുകള്‍, ശരീര സന്തുലനം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ വിലയിരുത്തലുകള്‍ ഇതില്‍ ഉള്‍പ്പെടും.
പരിശോധനകള്‍ക്കുശേഷം ഡീബ്രീഫ്
ആരോഗ്യം വീണ്ടെടുത്ത ശേഷം ദൗത്യത്തില്‍നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്നതിനായി ശുക്ല വിശദമായ ഒരു ഡീബ്രീഫില്‍ പങ്കെടുക്കും. ഐ.എസ്.ആര്‍.ഒയും ഇന്ത്യന്‍ സ്ഥാപനങ്ങളും രൂപകല്‍പ്പന ചെയ്ത 60-ല്‍ അധികം പരീക്ഷണങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയിരുന്നു. സൂക്ഷ്മഗുരുത്വാകര്‍ഷണം അസ്ഥികളിലും പേശികളിലും ചെലുത്തുന്ന സ്വാധീനം, കോഗ്‌നിറ്റീവ് ലോഡ് കൈകാര്യം ചെയ്യല്‍, ബഹിരാകാശത്ത് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മൈക്രോ-ആല്‍ഗ കൃഷി, ആധുനിക വെയറബിള്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മനുഷ്യന്റെ ആരോഗ്യ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവയിലെ കണ്ടെത്തലുകള്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുമെന്നും ഇന്ത്യയുടെ വരാനിരിക്കുന്ന മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതികള്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
നാട്ടിലെത്തുന്നത് ഓഗസ്റ്റ് മധ്യത്തോടെ
ശുഭാംശു ശുക്ലയ്ക്ക് ഓഗസ്റ്റ് 17-ഓടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. നഗരവും രാജ്യവും മുഴുവന്‍ പ്രതീക്ഷയോടെയും അഭിമാനത്തോടെയുമാണ് ശുക്ലയുടെ ഇന്ത്യയിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കുന്നത്.
ഇന്ത്യ കാത്തിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതി
യുദ്ധവിമാനങ്ങള്‍ 2,000-ല്‍ അധികം മണിക്കൂര്‍ പറത്തിയ പരിചയസമ്പത്തുള്ള ശുക്ലയെ 2019-ല്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിയിലേക്കും തിരഞ്ഞെടുത്തിരുന്നു. ശുക്ലയുടെ ദൗത്യം ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ പരിപാടിയുടെ അടിസ്ഥാന ശിലയാണ്. പരിശീലനം ലഭിച്ച ഒരു പൈലറ്റും ആക്‌സിയം ദൗത്യത്തിലെ പങ്കാളിയും എന്ന നിലയില്‍, യാത്രികരുടെ പരിശീലനം, തത്സമയ ടെലിമെട്രി പ്രവര്‍ത്തനങ്ങള്‍, മാനസിക തയ്യാറെടുപ്പ്, പരീക്ഷണങ്ങളുടെ നടത്തിപ്പ് എന്നിവയെക്കുറിച്ച് ശുക്ല നേരിട്ടുള്ള ഫീഡ്ബാക്ക് നല്‍കും. ഇത് ഭാവിയിലെ ഇന്ത്യന്‍ ബഹിരാകാശ യാത്രകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക വിവരങ്ങളാകും.
ശുക്ലയുടെ മടങ്ങിവരവിന് ശേഷം എല്ലാ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി നാരായണനും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവ ഗഗന്‍യാന്‍ പരിപാടിയുടെ വികസനത്തിന് സുപ്രധാനമായ ഉള്‍ക്കാഴ്ചകള്‍ നല്‍കും എന്നതിനാലാണത്. ഒരു ഐ.എസ്.എസ് ദൗത്യത്തില്‍ നിന്നുള്ള നേരിട്ടുള്ള അനുഭവസമ്പത്ത് ഉള്ളതിനാല്‍, ഭാവിയിലെ ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്കും ഇന്ത്യയുടെ ആസൂത്രിത ദേശീയ ഓര്‍ബിറ്റല്‍ പ്ലാറ്റ്ഫോമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷനു വേണ്ടിയുള്ള ബഹിരാകാശയാത്രികരുടെ തിരഞ്ഞെടുപ്പ്, സിമുലേഷന്‍ മാനദണ്ഡങ്ങള്‍, ദൗത്യ നടത്തിപ്പ് തന്ത്രം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ ഒരു നേതൃപരമായ പങ്ക് വഹിക്കാന്‍ ശുക്ലയ്ക്ക് കഴിയും.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുമായുള്ള സംവാദങ്ങള്‍
രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഐ.എസ്.ആര്‍.ഒ, ഇന്ത്യന്‍ വ്യോമസേന, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, സര്‍വ്വകലാശാലകള്‍, വിദ്യാര്‍ഥികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുമായി സംവദിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതിനായി അദ്ദേഹം സുപ്രധാന ചുമതലകള്‍ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ദൗത്യത്തിനിടയില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി നടത്തിയ തത്സമയ സംഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഒരു തുടര്‍ച്ചയായിരിക്കും അവ. മൈക്രോ-ആല്‍ഗ, ബഹിരാകാശത്തെ മനുഷ്യ ശരീരശാസ്ത്രം, എ.ഐ-യുടെ സഹായത്തോടെയുള്ള ആരോഗ്യ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ശുക്ലയുടെ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ ശാസ്ത്രീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, ആഗോള ശാസ്ത്ര സഹകരണത്തില്‍ ഇന്ത്യയുടെ പങ്ക് അടിവരയിടുകയും ചെയ്യും. അദ്ദേഹത്തിന്റെ ഡാറ്റ ബഹിരാകാശ കൃഷി, ദീര്‍ഘകാല ദൗത്യങ്ങളുടെ സുരക്ഷ, റേഡിയേഷന്‍ ആഘാതം ലഘൂകരിക്കല്‍ തുടങ്ങിയ പഠനങ്ങളെ മുന്നോട്ട് നയിക്കും.
Content Highlights: Indian astronaut Shubhanshu Shukla returns from Axiom-4, marking a milestone for India`s space progr