ഇറാനെതിരായ ആക്രമണം: കൃത്യമായ തീയതി ഗ്രോക്ക് എങ്ങനെ പ്രവചിച്ചു? പ്രതികരിച്ച് മസ്‌ക്

ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിന്റെ തീയതി കൃത്യമായി പ്രവചിച്ച് ഗ്രാക്ക് എഐ ചാറ്റ്‌ബോട്ട്. ഇലോൺ മസ്‌കിന്റെ എക്‌സ്എഐ വികസിപ്പിച്ചതാണ് ഈ ചാറ്റ്‌ബോട്ട്. ദ ജെറുസലേം പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്.
ആന്ത്രോപിക്കിന്റെ ക്ലോഡ്, ഗൂഗിൾ ജെമിനി, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി എന്നീ പ്രധാനപ്പെട്ട നാല് എഐ മോഡലുകൾക്ക് അമേരിക്കൻ ആക്രമണം ഇറാനിൽ എപ്പോൾ സംഭവിക്കാം എന്ന് ചോദിച്ചുകൊണ്ട് ഒരു പ്രോംപ്റ്റ് നൽകി എന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ മോഡലുകൾ ചോദ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. യഥാർഥ തീയതി പ്രവചിക്കുമെന്ന് പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്തത്. ഗ്രോക്ക് ഒഴികെയുള്ള മറ്റ് മോഡലുകളും കൃത്യമായ ഒരു തീയതി പ്രവചിക്കാതെ അവ്യക്തമായ മറുപടികൾ നൽകുകയോ പ്രോംപ്റ്റുകൾ ആവർത്തിച്ച് നൽകിയതോടെ ഉത്തരങ്ങൾ മാറ്റുകയോ ചെയ്തു.
എന്നാൽ, കൃത്യമായ തീയതി പ്രവചിച്ചത് ഗ്രോക്കാണെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ടുചെയ്തു. ഫെബ്രുവരി 28 ശനി എന്നായിരുന്നു ഗ്രോക്കിന്റെ മറുപടി. നയതന്ത്രപരമായ നീക്കങ്ങളടക്കം വിലയിരുത്തിയാണ് ഗ്രോക്ക് ഈ പ്രവചനം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. കൃത്യമായ ഈ തീയതിക്കുതന്നെ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെ ഗ്രോക്കിന്റെ പ്രവചനം വീണ്ടും ചർച്ചയായി.
ആക്രമണത്തിന്റെ വാർത്തകൾ പുറത്തുവന്ന് തുടങ്ങിയതോടെ ഗ്രോക്കിന്റെ പ്രവചനം സംബന്ധിച്ച സ്‌ക്രീൻ ഷോട്ടുകലും പോസ്റ്റുകളും എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങി. പല ഉപയോക്താക്കളും ഇത് യാദൃശ്ചികമായി സംഭവിച്ചതാകാം എന്ന് വിലയിരുത്തി. ഇതോടെ എക്‌സ്, എക്‌സ്എഐ എന്നിവയുടെ ഉടമയായ ഇലോൺ മസ്‌ക് തന്നെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 'ഭാവി പ്രവചിക്കുന്നത് ബുദ്ധിയുടെ ഏറ്റവും മികച്ച അളവുകോലാണ്.' എന്ന തരത്തിലായിരുന്നു മസ്‌കിന്റെ പ്രതികരണം.
Content Highlights: Elon Musk's Grok AI chatbot accurately predicted the date of a US-Israeli attack on Iran., The prediction was reported by The Jerusalem Post