പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം: നിലപാട് കടുപ്പിച്ച് കേന്ദ്രം, 'വിശദീകരണം തൃപ്തികരമല്ല'

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - AFP, Mathrubhumi archives
1. പ്രതീകാത്മകചിത്രം 2. പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo - AFP, Mathrubhumi archives

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കംചെയ്ത സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയുടെ പ്രതികരണം തൃപ്തികരമല്ലെന്ന് കേന്ദ്ര സർക്കാർ. പ്രശ്‌നം തീർപ്പാക്കിയിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പിടിഐ വാർത്താ ഏജൻസിയോയോട് പറഞ്ഞു.

മെറ്റയുടെ പബ്ലിക് പോളിസി വിഭാഗം ആഗോള മേധാവിയെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വാർത്താ ഏജൻസിയെ അറിയിച്ചത്. ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടറുകളിലെ തകരാർ കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പട്ടത് എന്നാണ് മെറ്റ സർക്കാർ വൃത്തങ്ങളോട് പറഞ്ഞിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം.

രാജ്യതലസ്ഥാനത്ത് കോക്ക്രോച്ച് ജനത പാർട്ടി നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ ജൂലായ് 23-ന് പോസ്റ്റ് ചെയ്ത പ്രധാനമന്ത്രിയുടെ വീഡിയോ ആണ് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ മോദി പ്രക്ഷോഭകരെ അഭിസംബോധന ചെയ്യുകയും ചോദ്യ പേപ്പർ ചോർച്ചയിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ വൈകാതെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെട്ടു.

വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും സംഭവം കേന്ദ്ര സർക്കാരിന്റെ കടുത്ത രോഷത്തിന് കാരണമായി. സംഭവത്തിൽ അന്വേഷണം തുടങ്ങിയ കേന്ദ്രം മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഇതോടെ മെറ്റ ക്ഷപാമണം നടത്തിയിരുന്നു. തുടർന്ന് നൽകിയ വിശദീകരണത്തിൽ കേന്ദ്രം തൃപ്തരല്ല എന്നാണ് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നത്.

Content Highlights: Government rejects Meta's 'automated glitch' explanation for removing PM's video, MeitY continues engagement with Meta for deeper accountability, Context involves the 2026 Public Examinations (Prevention of Unfair Means) Amendment Bill, Resolution of student protests and resignation of Education Minister Dharmendra Pradhan, Focus on fast-track courts and stricter penalties for examination paper leaks