ആരോഗ്യസേതു ആപ്പിന് പരമാവധി പ്രചാരം നല്‍കൂ; സോഷ്യല്‍ മീഡിയകളോട് കേന്ദ്രം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും മറ്റ് വിവരക്കൈമാറ്റങ്ങള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന് പരമാവധി പ്രചാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ സേവനങ്ങളോട് ഐടി മന്ത്രാലയം. അതീവ പ്രാധാന്യം കൊടുത്ത് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കളിലേക്കുമെത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇ മെയില്‍ വഴിയാണ് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് ഈ നിര്‍ദേശമടക്കുന്ന സര്‍ക്കുലര്‍ കൈമാറിയത്. കമ്പനികളില്‍ നിന്നും ഇതിനോട് അുകൂല പ്രതികരണമാണ് ലഭിച്ചത് എന്നാണ് വിവരം. 

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ, ബ്ലൂടൂത്ത് എന്നിവയുടെയും ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കൊറോണ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ആരോഗ്യ സേതു ആപ്പിലുണ്ട്. രോഗവ്യാപനം സംബന്ധിച്ച മറ്റ് വിവരങ്ങളും മുന്‍കരുതല്‍ നിര്‍ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും. പരമാവധി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ പങ്കാളിത്തമുണ്ടായാല്‍ മാത്രമേ ഈ ആപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാവൂ.

അതേസമയം, വലിയ സ്വീകാര്യതയാണ് ആരോഗ്യസേതു ആപ്ലിക്കേഷന് ലഭിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പടെ 11 ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കുന്ന ഈ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഒരു കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഐഓഎസ് ആപ്പ് സ്റ്റോറില്‍ ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് വിഭാഗത്തില്‍ ഉന്നത റാങ്കില്‍ നില്‍ക്കുന്ന ആപ്ലിക്കേഷനും കൂടിയാണിത്. 

Content Highlights: Government requests social media platforms to promote Aarogya Setu

Content Highlights: